കുവൈത്ത് സിറ്റി: പ്രവാസി യാത്രക്കാരുടെ എക്‌സിറ്റ് പെർമിറ്റ് സംബന്ധിച്ച കാര്യത്തിൽ വ്യക്തതയുമായി കുവൈത്ത്. യാത്രയ്ക്ക് ഏഴ് ദിവസം മുമ്പ് മുതൽ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മാത്രം അവശേഷിക്കുന്നത് വരെയും എക്‌സിറ്റ് പെർമിറ്റിന് അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു.
രേഖയുടെ പരിമിതമായ സാധുതാ കാലയളവ് കാരണമാണിത്. വ്യക്തികൾക്ക് ആവശ്യമനുസരിച്ച് വിവിധ സമയങ്ങളിൽ ഒന്നിലധികം തവണ അവധിക്ക് അപേക്ഷിക്കാൻ അനുവാദമുണ്ടായിരിക്കും.
ജൂലായ് ഒന്ന് മുതലാണ് എക്‌സിറ്റ് പെർമിറ്റ് നിയമം പ്രാബല്യത്തിൽ വരുന്നത്. പുതിയ സംവിധാനം നടപ്പിലാക്കുവാൻ മാനവ ശേഷി സമിതി വിവിധ സർക്കാർ ഏജൻസികളുമായി ഏകോപനം നടത്തി വരികയാണ്. പെർമിറ്റ് ലഭിക്കാൻ ആവശ്യമായ അപേക്ഷ സിവിൽ ഐഡി നമ്പർ ഉപയോഗിച്ച് സഹേൽ ആപ്പിലൂടെയോ പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ സമർപ്പിക്കാം.