മോദിക്കെതിരെ ആഞ്ഞടിച്ച് പിണറായി

തിരുവനന്തപുരം :പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം തൃശൂരിൽ വെച്ച് കേരള സർക്കാരിനെ വിമർശിച്ച പ്രധാനമന്ത്രിക്ക് മറുപടി നൽകി മോദിക്കിപ്പോഴും സംഘപരിവാർ പ്രചാരകന്റെ മനസ്സാണെന്ന് അദ്ദേഹം പ്രതികരിച്ചു. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം തകർക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഭരിക്കുന്ന പാർടി കേരളത്തിന്റെ സാംസ‌്കാരിക പൈതൃകം തകർക്കുന്നുവെന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവന പ്രധാനമന്ത്രി പദവിക്കു ചേർന്നതല്ല. രാജ്യത്തിന്റെ സംസ‌്കാരിക പൈതൃകത്തെ തകർക്കാൻ നടക്കുന്ന ശ്രമങ്ങൾക്ക‌് എല്ലാവിധ സംരക്ഷണവും നൽകുന്ന ആളാണ‌് കേരളത്തെക്കുറിച്ച‌് ഇങ്ങിനെ പറഞ്ഞത‌്. കമ്യൂണിസ്റ്റ‌്കാരല്ല, പകരം മോഡിയുടെ അനുയായികളായ സംഘപരിവാറുകാരാണ‌് കേരളത്തിന്റെ പൈതൃകത്തിനുനേരെ അക്രമണം അഴിച്ചുവിടുന്നത്.

ബാങ്ക‌് എംപ്ലോയീസ‌് ഫെഡറേഷൻ ഓഫ‌് ഇന്ത്യ (ബെഫി) ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ‌്ഘാടനം ചെയ‌്തു.

രാജ്യത്തെ ബഹുസ്വരത ഇല്ലാതാക്കി ഏകതാരൂപത്തിലാക്കാൻ ശ്രമിക്കുന്നത‌് സംഘപരിവാർ ശക്തികളാണ‌്. ഇതിന‌് എല്ലാ സംരക്ഷണവും ഒരുക്കിക്കൊടുക്കുന്നത‌് കേന്ദ്രസർക്കാരും. ഇത്തരക്കാർക്ക‌് കേരളത്തെ നോക്കുമ്പോൾ ചില്ലറ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നത‌് സ്വാഭാവികമാണ‌്. കാരണം കേരളം ബഹുസ്വരത നിലനിർത്തുന്ന സംസ്ഥാനമാണ‌്. കമ്യുണിസ്റ്റ‌് പ്രസ്ഥാനമാണ‌് കേരളത്തെ ഇന്നത്തെ നിലയിലേക്കുയർത്തിയത‌്. ഇക്കാര്യം ഒന്നും മനസ്സിലാക്കാതെ അഭിപ്രായം പറയുന്നത‌് പ്രധാനമന്ത്രിയുടെ പദവിക്കു ചേർന്നതല്ല.

ബഹുസ്വരതയുടെ ആധാരശില മതനിരപേക്ഷതയാണ‌്. ഇതിനെതിരെയാണ‌് സംഘപരിവാറിന്റെ പ്രധാന അക്രമണം. മതനിരപേക്ഷത ഉറക്കെ പ്രഖ്യാപിക്കുന്ന ഭരണഘടന രാജ്യത്തിന‌് ആപത്താണെന്ന‌് അവർ പാർലമെന്റിൽ അക്രോശിക്കുന്നു. ഉത്തരവാദിത്വപ്പെട്ട മന്ത്രിമാർ മതനിരപേക്ഷതക്കെതിരെ സംസാരിക്കുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതിനെതിരെ പ്രതികരിക്കുന്നില്ല. പകരം എല്ലാത്തിനും പിന്തുണ നൽകുന്നു. പ്രധാനമന്ത്രിയാണെന്ന കാര്യം അദ്ദേഹം പലപ്പോഴും മറന്നുപോകുന്നു. പണ്ട‌് അണിഞ്ഞ കാക്കി നിക്കറിന്റെ ഓർമയിലാണ‌് അദ്ദേഹം ജീവിക്കുന്നത‌്. പ്രധാനമന്ത്രി പദമല്ല മോഡിക്ക‌് വലുത‌്. പകരം ആർഎസ‌്എസ‌് പ്രചാരകന്റെ സ്ഥാനത്തെയാണ‌് വലുതായി കാണുന്നത‌്. ആർഎസ‌്എസ‌് ആഹ്വാനം ചെയ്യുന്ന കാര്യങ്ങളല്ല പ്രധാനമന്ത്രി നടപ്പാക്കേണ്ടത‌്. പകരം ഭരണഘടയെ ഉയർത്തിപ്പിടിക്കുകയാണ‌് രാജ്യത്തിന്റെ പ്രധാനമന്ത്രി ചെയ്യേണ്ടത‌്.

കേരളത്തിന്റ സംസ‌്കാരിക പൈതൃകത്തെക്കുറിച്ച‌് വാതോരാതെ സംസാരിക്കുമ്പോൾ സ്വന്തം ഉത്തരവാദിത്വം നിർവഹിക്കുന്നുണ്ടോ എന്ന‌് പ്രധാനമന്ത്രി ചിന്തിക്കണം. ക്രൈസ‌്തവ, മുസ്ലീം വിഭാഗങ്ങൾക്കെതിരെ അക്രമം നടന്നപ്പോൾ മോഡി മൗനം പാലിച്ചു. ഭക്ഷണത്തിന്റെയും പശുവിന്റെയും പേരിൽ കൊലപാതകങ്ങൾ നടന്നപ്പോഴും മിണ്ടിയില്ല. മതന്യുനപക്ഷമായാൽ അക്രമിച്ചുകൊല്ലാം എന്ന മാനസികാവസ്ഥയിലേക്കു ഒരുവിഭാഗം എത്തിച്ചേർന്നത‌് ഈ കുറ്റകരമായ മൗനമാണ‌്.

എന്നിട്ടാണ‌് കേരളത്തിലെ സംസ‌്കാരിക പൈതൃകത്തെക്കുറിച്ച‌് സംസാരിക്കുന്നത‌്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ സംഘപരിവാർ അഴിച്ചുവിടുന്ന അക്രമണങ്ങൾ കേരളത്തിൽ നടക്കില്ല. കാരണം കേരളത്തിന്റെ സംസ‌്കാരിക പൈതൃകം അത്ര ശക്തമാണ‌്. നവോത്ഥാന പ്രസ്ഥാനങ്ങൾക്ക‌് ശക്തമായ പിന്തുടർച്ച ഉണ്ടായ സ്ഥലമാണിത‌്. ദേശീയ, കർഷക, തൊഴിലാളി, കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനങ്ങളാണ‌് ഈ പിന്തുടർച്ചയുടെ പതാകാവാഹകർ. ഇതിൽ ഏറ്റവും പ്രസക‌്തമായത‌് കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനത്തിന്റെ ഇടപെടലാണ‌്. യാഥാസ്ഥിതിക വിഭാഗങ്ങൾ ശക്തമായ എതിർപ്പുയർത്തിയെങ്കിലും ഐതിഹാസികമായ പോരാട്ടങ്ങളിലൂടെ കേരളം ശക്തമായി മുന്നോട്ടു തന്നെ പോയി. അങ്ങിനെയാണ‌് നമ്മുടെ നാടിന‌് രാജ്യവും ലോകവും അംഗീകരിക്കുന്ന സംസ‌്കാരിക രൂപമുണ്ടായത‌്.

ഇത‌് സംഘപരിവാറിന‌് അംഗീകരിക്കാനാകില്ല. കാരണം അവർക്ക‌് ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും വ്യത്യസ്ത അറകളിലാക്കി അടുക്കിവെക്കുന്ന സമൂഹമാണ‌് ആവശ്യം. പക്ഷെ ഇവിടെ അത‌് നടക്കില്ല. കാരണം മതനിരപേക്ഷതയ‌്ക്ക‌് കേരളത്തിൽ ശക്തമായ അടിത്തറയുണ്ട‌്. കേരളത്തിന്റെ ഇടതുപക്ഷ മനസ്സ‌് തകർക്കാൻ സംഘപരിവാർ തുടർച്ചയായി ശ്രമിക്കുന്നുണ്ട‌്. പക്ഷെ അതൊരിക്കലും ഇവിടെ വിലപ്പോകില്ല