ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ ഇടതുപക്ഷത്തിന് മുന്‍തൂക്കമെന്ന് സി.ഇ.എസ് സര്‍വെ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍.ഡി.എഫ് ന് മുന്‍തൂക്കമെന്ന് സെന്റര്‍ ഫോര്‍ ഇലക്ടല്‍ സ്റ്റഡീസിന്റെ (സി.ഇ.എസ്) അഭിപ്രായ വോട്ടെടുപ്പ്. മറ്റ് സര്‍വ്വേകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ചിത്രമാണ് സി.ഇ.എസ് സര്‍വ്വെയില്‍ തെളിയുന്നത്.

എല്‍.ഡി.എഫ് ന് 9 മുതല്‍ 12 വരെ സീറ്റുകള്‍ ലഭിക്കാം. യു.ഡി.എഫ് ന് കാണുന്നത് 8 മുതല്‍ 11 വരെ സീറ്റുകളാണ്. ബി.ജെ.പി ഇക്കുറിയും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല.
എല്‍.ഡി.എഫ് ന് 40.3 ഉം യു.ഡി.എഫ് ന് 39 ഉം ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വെയില്‍ വെളിപ്പെട്ടത്. ബി.ജെ.പി 15.5% വോട്ട് നേടുമെന്ന് പ്രതീക്ഷിക്കുന്നു.
വോട്ടിംഗ് ശതമാനം സംബന്ധിച്ച കണക്കില്‍ ഒന്നു മുതല്‍ രണ്ട് ശതമാനം വരെയുള്ള വ്യതിയാനം സംഭവിക്കാമെന്നും വിലയിരുത്തുന്നു.
സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് ഫെബ്രുവരി 2, 3, 4 തീയതികളില്‍ നടത്തിയ സര്‍വയുടെ ഫലമാണിത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേരളത്തില്‍ ഏറ്റവും വലിയ സാമ്പിളുകളെ അധികരിച്ച് നടത്തിയ സര്‍വെയാണിത്. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചിരുന്നു. മൊത്തം 480 ബൂത്തുകളില്‍ നിന്നായി 12,000 വോട്ടര്‍മാരാണ് സര്‍വ്വെയില്‍ പങ്കെടുത്തത്.
ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് ആനുകൂല്യം നല്‍കിയ വോട്ടര്‍മാര്‍പോലും കേന്ദ്രസര്‍ക്കാരിന്റെ പ്രകടനത്തോട് അതൃപ്തി രേഖപ്പെടുത്തി. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള സാമ്പത്തിക സമീപനങ്ങളോട് വോട്ടര്‍മാര്‍ക്ക് പൊതുവെ വിയോജിപ്പാണുള്ളത്. മോദിയുടെ പ്രഭാവത്തിന് കേരളത്തില്‍ മങ്ങലേല്‍ക്കുന്നതായും സര്‍വേയില്‍ കണ്ടു.
സംസ്ഥാന സര്‍ക്കാരിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്ക് എതിര്‍ വികാരമില്ല. അതേപോലെ പ്രളയം നേരിട്ട രീതി, വിദ്യാഭ്യാസ-ആരോഗ്യ വികസനമേഖലയിലെ സമീപനം, ന്യൂനപക്ഷ-ദുര്‍ബല വിഭാഗങ്ങളോടുള്ള നയം എന്നിവയില്‍ സംസ്ഥാന സര്‍ക്കാരിനോട് താല്പര്യം പ്രകടിപ്പിക്കുകയാണ് പൊതുവെ വോട്ടര്‍മാര്‍.
മോദിക്കെതിരേ നില്‍ക്കാനുള്ള കെല്‍പ് രാഹുല്‍ഗാന്ധിക്കുണ്ടെന്ന പ്രതീതിയാണ് കോഗ്രസിന് പ്രധാനമായും സഹായമാകുന്ന ഘടകം എന്നും സി.ഇ.എസ് സര്‍വെയില്‍ കണ്ടെത്തി.
2000 മുതല്‍ തെരഞ്ഞെടുപ്പ് പഠന വിശകലന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സി.ഇ.എസ്. കേരളത്തിലെ വിവിധ തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് സി.ഇ.എസ് നടത്തിയ സര്‍വെകള്‍ ശരിയായിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സി.ഇ.എസ് പ്രവചനം പോലെ തന്നെയായിരുന്നു.