കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ‘തൃക്കരിപ്പൂർ ഫെസ്റ്റ്’ മാർച്ച്‌ 22ന്

കുവൈത്ത് സിറ്റി :

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 22 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ അബ്ബാസിയ നോട്ടിംഗ് ഹാം സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ വി.കെ.പി. ഖാലിദ് ഹാജി നഗറിൽ വെച്ച് തൃക്കരിപ്പൂർ ഫെസ്റ്റ് നടക്കും. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പോഷക ഘടകവും
പതിറ്റാണ്ടുകളായി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായുള്ള
കുവൈത്ത് കേരള മുസ്ലിം കള്‍ചറല്‍ സെന്റര്‍
(കുവൈത്ത് കെ.എം.സി.സി.) പുതിയ ഘടനാ മാറ്റത്തിന്റെ ഭാഗമായി രൂപംകൊണ്ട തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ പ്രഥമ പൊതു പരിപാടിയാണ് തൃക്കരിപ്പൂര്‍ ഫെസ്റ്റ് – 2019.
വ്യത്യസ്ഥ പരിപാടികളിലൂടെയും മത്സരങ്ങളിലൂടെയും ഈ ഫെസ്റ്റ് വന്‍ വിജയമാക്കുന്നതിന് ആവശ്യമായ സബ്‌കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്‌. ബിരിയാണി, പുഡിംഗ്‌, മൈലാഞ്ചി തുടങ്ങിയ വേറിട്ട മത്സരങ്ങൾ‌ ഒരുക്കിയിട്ടുണ്ട്‌‌. പൊതു സമ്മേളനം, ഇശൽ സന്ധ്യ എന്നിവയും ഫെസ്റ്റിന്‌ മാറ്റു കൂട്ടും.

കേരളത്തില്‍ നിന്നും മുസ്ലിം ലീഗ് കാസർഗോഡ്‌ ജില്ലാ പ്രസിഡന്റ്: എം.സി. കമറുദ്ധീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്: എ.ജി.സി. ബഷീര്‍, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ശംസുദ്ധീന്‍ ഹാജി, ജനറല്‍ സെക്രട്ടറി അഡ്വ: എം.ടി.പി. കരീം, മാപ്പിളപ്പാട്ട് ഗായകന്മാരായ നിസാം തളിപ്പറമ്പ്, മെഹറുന്നീസ നിസാം, സിഫ്രാന്‍ നിസാം എന്നിവർ പങ്കെടുക്കും.

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ പ്രവര്‍ത്തകരെ നേരില്‍കണ്ട് മെമ്പര്‍ഷിപ്പ് നല്‍കുന്നതിന് വേണ്ടി കുവൈത്തിലെ വിവിധ സ്ഥലങ്ങളില്‍ ഹസ്തദാനം എന്ന പദ്ധതി നടപ്പിലാക്കി വരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നിലവില്‍ 405 അംഗങ്ങളെ ചേര്‍ത്തു കഴിഞ്ഞു. മെമ്പര്‍മാരുടെ എണ്ണം 800ലെത്തിക്കുകയാണ്‌ കമ്മിറ്റിയുടെ ലക്ഷ്യം.

ചുരുങ്ങിയ കാലയളവിനുള്ളില്‍ മണ്ഡലത്തില്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കമ്മിറ്റിക്ക്‌ സാധിച്ചു. വിവാഹ ധന സഹായം, അംഗവൈകല്യമുള്ളവര്‍ക്ക് ഉപകരണങ്ങൾ, തുടങ്ങിയവ പ്രധാനപ്പെട്ടവയാണ്‌. കൂടാതെ, പ്രവാസി വോട്ട് ചേര്‍ക്കുന്നതിനും കൃത്യമായ സംവിധാനം ഒരുക്കിയിരുന്നു.

ഫെസ്റ്റിന്റെ ഭാഗമായി തൃക്കരിപ്പൂർ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും കുവൈത്ത് കെ.എം.സി.സി. അംഗങ്ങളിൽ നിന്ന് അര്‍ഹരായ സഹപ്രവര്‍ത്തകരെ കണ്ടെത്തി ബൈത്തുറഹ്മ നൽകും. അംഗങ്ങളിൽ അര്‍ഹരില്ലെങ്കിൽ ‍ മണ്ഡലം പരിധിയിലെ നിർദ്ധരരായ കുടുംബങ്ങളെ നാട്ടിൽനിന്നും കണ്ടെത്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

പത്രസമ്മേളനത്തില്‍  പ്രസിഡണ്ട് കാദര്‍ കൈതക്കാട്, ജന. സെക്രട്ടറി റഫീഖ് ഒളവറ, ട്രഷറര്‍ സലീം ഉദിനൂര്‍, വൈസ് പ്രസിഡന്റ് മിസ്ഹബ് മാടമ്പില്ലത്ത്, സെക്രട്ടറിമാരായ അമീര്‍ കമ്മാടം, ഫാറൂഖ് തെക്കേകാട്, നൗഷാദ് ചന്തേര, ഫെസ്റ്റ് കോ- ഓർഡിനേറ്റർ എം.സി. അബ്ദുള്ള ,ഇഖ്ബാൽ മാവിലാടം, സൈനുദ്ദീൻ കടിഞ്ഞിമൂല, ഇ.കെ.മുസ്തഫ ,അഷ്റഫ് തൃക്കരിപ്പൂർ, പി.പി.ഇബ്രാഹിം എന്നിവർ പങ്കെടുത്തു.