കോഴിക്കോട് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺ‌വെൻഷൻ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എ പ്രദീപ്‌കുമാറിനെ വിജയത്തിനായി കുവൈറ്റിൽ കോഴിക്കോട് മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. ഷെരീഫ് താമരശ്ശേരി അധ്യക്ഷത വഹിച്ച പരിപാടി പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത്കുമാർ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺ‌വീനർ സി‌കെ നൌഷാദ്, ജോയിന്റ് കൺ‌വീനർ‌മാരായ സഫീർ പി ഹാരിസ്, ആർ.നാഗനാഥൻ, കേരള അസോസിയേഷൻ പ്രതിനിധി രാജീവ് ജോൺ, കല കുവൈറ്റ് പ്രസിഡന്റ് ടി.വി.ഹിക്മത് എന്നിവർ സംസാരിച്ചു. 25 അംഗ മണ്ഡലം കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. കോഴിക്കോട് മണ്ഡലം പാർലമെന്റ് കമ്മിറ്റി കൺ‌വീനറായി എം.പി.മുസ്ഫറിനേയും, ചെയർ‌മാനായി ഷെരീഫ് താമരശ്ശേരിയെയും, ജോയിന്റ് കൺ‌വീനറായി നിജാസ് കാസിം, വൈസ് ചെയർമാനായി ജിതിൻ പ്രകാശ് എന്നിവരേയും തിരഞ്ഞെടുത്തു. അബുഹലീഫ കല സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ എം.പി.മുസ്ഫർ സ്വാഗതവും, വിനോദ് പ്രകാശ് നന്ദിയും രേഖപ്പെടുത്തി. സ്ഥാനാർത്ഥി എ.പ്രദീപ് കുമാർ, എം.എൽ.എ എന്ന നിലയിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ വിഡിയോ പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു.