സർട്ടിഫിക്കറ്റുകളിൽ കൃത്രിമം :ഇന്ത്യക്കാരായ 3 എഞ്ചിനീയർമാർക്കെതിരെ നടപടി

കുവൈത്ത് സിറ്റി :വർക്ക്‌ പെർമിറ്റിൽ കൃത്രിമം കാണിച്ചതിന് ഇന്ത്യക്കാരായ 3 എൻജിനീയർമാരുടെ പേരിൽ നിയമ നടപടി. വർക്ക്‌ പെർമിറ്റ് ലഭിക്കുന്നതിനാവശ്യമായ യോഗ്യത ഇവർക്ക് ഇല്ലായിരുന്നു. എന്നാൽ കുവൈത്ത് എഞ്ചിനീയറിംഗ് സൊസൈറ്റി അംഗീകാരത്തിന് ഇവർ അപേക്ഷിച്ചെങ്കിലും എൻ ബി എ അക്രഡിറ്റേഷൻ ഇല്ലാത്തത് കൊണ്ട് നിഷേധിക്കപ്പെട്ടു. ഇതോടെയാണ് ഇവർ രേഖകളിൽ കൃത്രിമം സൃഷ്ടിച്ച് ഇഖാമ പുതുക്കാൻ ശ്രമിച്ചത്. മൂന്ന് പേരുടെയും വിവരങ്ങൾ മാൻപവർ അതോറിറ്റി പ്രോസികൂഷന് കൈമാറിയതായി കുവൈത്ത് എഞ്ചിനീയറിംഗ് സൊസൈറ്റി അധികൃതർ അറിയിച്ചു. എൻജിനീയർ തസ്തികയിൽ ഇഖാമ പുതുക്കുന്നതിന് കുവൈത്ത് എഞ്ചിനീയറിംഗ് സൊസൈറ്റിയുടെ അംഗീകാരം ആവശ്യമാണ്. വിദേശങ്ങളിൽ അംഗീകൃത സംവിധാനങ്ങളിൽ അക്രഡിറ്റേഷനുള്ള സർട്ടിഫിക്കറ്റുകൾ മാത്രമേ കുവൈത്ത് എഞ്ചിനീയറിംഗ് സൊസൈറ്റി പരിഗണിക്കുകയുള്ളൂ. ഇന്ത്യയിൽ സൊസൈറ്റി അംഗീകരിച്ചിരിക്കുന്നത് നാഷണൽ ബ്യുറോ ഓഫ് അക്രഡിറ്റേഷൻ (എൻ ബി എ) മാത്രമാണ്