വാർഷിക ലീവ് 35 ദിവസമായി വർധിപ്പിക്കണമെന്ന ആവശ്യം ഗവൺമെന്റ് നിരാകരിച്ചു

കുവൈത്ത് സിറ്റി :സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ വാർഷിക ലീവ് 30 ദിവസത്തിൽ നിന്നും 35 ദിവസമായി വർധിപ്പിക്കണമെന്ന ആവശ്യം ഗവൺമെന്റ് നിരാകരിച്ചു. ദേശീയ അസംബ്ലിയിലെ ഹെൽത്ത് ആൻഡ് ലേബർ കമ്മിറ്റി തലവൻ എം പി ഹുമൂദ് അൽ ഖുദൈർ ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം ബില്ലിൻ മേലുള്ള ആദ്യ വായനയിൽ നിർദേശങ്ങൾ അസംബ്ലി അംഗീകരിച്ചിരുന്നു. എന്നാൽ അവസാനത്തെ വോട്ടെടുപ്പിൽ കാരണം വെളിപ്പെടുത്താതെ ബില്ലിന്റെ അവതരണം നീട്ടി വെച്ചു. അസംബ്ലി അംഗീകരിച്ച നിയമങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ സർക്കാരിന് സ്വതന്ത്രമായ തീരുമാനം എടുക്കാൻ ഭരണഘടന അവകാശം നൽകുന്നുണ്ട്. കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ എം പി തയ്യാറായില്ലെന്നും പ്രാദേശിക മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു.