പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മോഡിയുടെ പ്രചാരണത്തിന് തുടക്കം

ബിജെപിക്കെതിരെ ഒന്നിച്ച എസ്‍പി-ബിഎസ്‍പി സഖ്യത്തെ കടന്നാക്രമിച്ചും രാഹുൽ ഗാന്ധിയെ കളിയാക്കിയുമായിരുന്നു പര്യടനടത്തിലെ മോദിയുടെ ആദ്യപ്രസംഗം. ലോക്സഭയിലെ ഏറ്റവും കൂടുതൽ സീറ്റുകളുള്ള ഹിന്ദി ഹൃദയഭൂമിയിലെ ഉത്തർപ്രദേശിൽ നിന്നാണ് മോദിയുടെ തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങിയത്. മീററ്റിലെ ആദ്യപരിപാടിയ്ക്ക് ശേഷം ഉത്തർപ്രദേശിലെ രുദ്രാപൂരിലും അഖ്‍നൂറിലുമാണ് മോദിയുടെ തെരഞ്ഞെടുപ്പ് റാലികൾ.

ഇന്ത്യയുടെ എ-സാറ്റ് പരീക്ഷണത്തെ അഭിനന്ദിച്ചും, ഒപ്പം മോദിക്ക് ‘ലോകനാടകദിനാശംസകൾ’ നേർന്നും ട്വീറ്റ് ചെയ്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ മോദി കളിയാക്കി. ”ഇന്ത്യ ബഹിരാകാശരംഗത്തെ വലിയൊരു നേട്ടം സ്വന്തമാക്കി. ഇത് തിരിച്ചറിയുക പോലും ചെയ്യാത്തവരുടെ ബുദ്ധിയിൽത്തന്നെ എനിക്ക് സംശയം തോന്നുകയാണ്. തീയറ്ററിൽ നാടകം കാണുന്നതിന് മുമ്പ് പോയാൽ നമുക്കെന്താണ് കേൾക്കാനാകുക? സെറ്റ് എവിടെ, സെറ്റ് തയ്യാറായോ എന്നൊക്കെയുള്ള ചോദ്യങ്ങളല്ലേ? ഇതും എ-സാറ്റും തമ്മിൽ തിരിച്ചറിയാൻ പോലും ഇവിടെ ചിലർക്ക് കഴിവില്ല”, എന്ന് മോദി.

ഉപഗ്രഹവേധമിസൈൽ എ-സാറ്റിന്‍റെ പരീക്ഷണം നടത്തണമെന്ന് ഡിആർഡിഒ പല തവണ യുപിഎയോട് ആവശ്യപ്പെട്ടതാണ്. പക്ഷേ അവർ ഇതിന് അനുമതി നൽകിയില്ല. ഇവിടെ ധൈര്യമുള്ള ഒരു സർക്കാരുണ്ടായി. അതുകൊണ്ട് തന്നെ പരീക്ഷണം നടത്താനായി”, എന്നും മോദി പറഞ്ഞു.
ബാലാകോട്ട് ആക്രമണത്തിന് തെളിവ് ചോദിച്ച കോൺഗ്രസ് നേതാക്കൾക്കും പരിഹാസം. ”ചിലർക്ക് തെളിവ് (സബൂത്) വേണം. നിങ്ങൾ പറയൂ, നിങ്ങൾക്ക് സബൂത് വേണോ, സപുത് (നല്ല മകൻ) വേണോ? ഇന്ത്യയുടെ നല്ല മകനാണ് ഇന്ത്യയുടെ ഏറ്റവും വലിയ തെളിവ്”, എന്ന് മോദി.

രാഹുൽ ഗാന്ധി കളങ്കിതനാണെന്നും മോദി ആരോപിച്ചു. 2019-ൽ ആരെ തെരഞ്ഞെടുക്കണമെന്ന് ഇന്ത്യ തീരുമാനിച്ച് കഴിഞ്ഞു. ബിജെപി അധികാരത്തിൽ വരും. രാഹുലിന്‍റെ ‘ചൗകീദാർ’ ആരോപണത്തിന് മോദി നൽകിയ മറുപടി ഇങ്ങനെ: ”ചൗകീദാറും ദാഗ്‍ദാറും (കളങ്കിതൻ) തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഇവരിലാരെ വേണമെന്ന് നിങ്ങൾ തന്നെ തീരുമാനിക്കൂ”.
പുൽവാമ ഭീകരാക്രമണത്തിനും ബാലാകോട്ട് പ്രഖ്യാപനത്തിന്‍റെയും പേരിൽ രാഷ്ട്രീയപ്രസ്താവനകൾ നടത്തിയ പ്രതിപക്ഷമഹാസഖ്യത്തിന് ഇന്ത്യയിലല്ല, പാകിസ്ഥാനിൽ നിന്നാകും കൂടുതൽ വോട്ട് കിട്ടുകയെന്നും മോദി ആരോപിച്ചു.