കല കുവൈത്ത് ഇ എം എസ്, എ കെ ജി, ബിഷപ്പ് പൌലോസ് മാർ പൌലോസ്, അനുസ്മരണം സംഘടിപ്പിച്ചു

 

കുവൈറ്റ് സിറ്റി: ഇന്ത്യ ഫാസിസ്റ്റു ശക്തികളുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണെന്നും അതിനെതിരെ പ്രതിരോധം ഉയർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രശസ്ത കവിയും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ പി‌എൻ ഗോപീ കൃഷ്ണൻ പറഞ്ഞു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഇ‌എം‌എസ്, എകെജി, ബിഷപ്പ് പൌലോസ് മാർ പൌലോസ് അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തികച്ചും സാധാരണക്കാരായ മനുഷ്യരാണ് ഫാസിസത്തിനെതിരെ എന്നും പ്രതിരോധം സൃഷ്ടിച്ചിട്ടുള്ളത്. ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണി നേരിടുന്ന കാലഘട്ടത്തിൽ അതിനെ നേരിടുന്നതിനും ഈ ഫാസിസ്റ്റ് സർക്കാരിനെ പുറത്താക്കുന്നതിനുമുള്ള ഏറ്റവും നല്ല അവസരമാണ് ഈ തിരഞ്ഞെടുപ്പ്. ഈ അവസരത്തിലാണ് സാധാരണക്കാരായ ആളുകളെ സംഘടിപ്പിച്ചു കൊണ്ട് അനീതിക്കെതിരെ പോരാടിയ ഇ‌എം‌എസ്, എകെജി, ബിഷപ്പ് പൌലോസ് മാർ പൌലോസ് എന്നിവരുടെ പ്രസക്തി ഏറ്റവും ഉയർന്നു വരുന്നതെന്നും സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

കല കുവൈറ്റിന്റെ നാലു മേഖലകളിൽ നിന്നുമുള്ള അംഗങ്ങൾ അവതരിപ്പിച്ച വിപ്ലവ ഗാനസന്ധ്യയോടെയാണ് അനുസ്മരണ സമ്മേളനം ആരംഭിച്ചത്. അബ്ബാസ്സിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന അനുസ്മരണ സമ്മേളനത്തിന് കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്‌മത്ത് അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സ്വാഗതം ആശംസിച്ച ചടങ്ങിൽ കല കുവൈറ്റ് സാഹിത്യ വിഭാഗം സെക്രട്ടറി ആശാ ബാലകൃഷ്ണൻ അനുസ്മരണക്കുറിപ്പ് വായിച്ചു. കല കുവൈറ്റിന്റെ മുഖപ്രസിദ്ധീകരണമായ കൈത്തിരിയുടെ ഈ വർഷത്തെ ആദ്യലക്കത്തിന്റെ പ്രകാശനം പി‌എൻ ഗോപീകൃഷ്ണൻ കേരള പ്രാവാസി വെൽ‌ഫയർ ബോർഡ് ഡയറക്ടർ എൻ അജിത്ത് കുമാറിനു കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. കല കുവൈറ്റ് മംഗഫ് ഈസ്റ്റ് യൂണിറ്റ് അംഗമായിരിക്കെ മരണപ്പെട്ട സുമിത്ത് എബ്രഹാമിന്റെ ക്ഷേമനിധി തുക ചടങ്ങിൽ വെച്ച് അദ്ദേഹത്തിന്റെ സഹധർമ്മിണി സുമി സെബാസ്റ്റ്യന് കല കുവറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത് കൈമാറി. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷൊയിബ യൂണിറ്റ് കൺ‌വീനർ അനിൽ കുമാർ, മംഗഫ് എ യൂണിറ്റ് അംഗങ്ങളായ കെ.സി ജോർജ്ജ്, ഭാര്യ റോസിലി ജോർജ്ജ്, മംഗഫ് യൂണിറ്റ് അംഗങ്ങളായ പ്രമോദ്, ഭാര്യ സൌമ്യ പ്രമോദ്, ജലീബ് എ യൂണിറ്റ് അംഗം സാബു എന്നിവർക്കുള്ള കലയുടെ സ്നേഹോപഹാരവും ചടങ്ങിൽ വെച്ച് നൽകുകയുണ്ടായി. കല കുവൈറ്റ് ട്രഷറർ കെവി നിസാർ, വൈസ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജോയിന്റ് സെക്രട്ടറി രജീഷ് സി നായർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി ഷൈമേഷ് അനുസ്മരണ സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി. കുവൈറ്റിന്റെ വിവിധഭാഗങ്ങളിൽ നിന്നും, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവരുൾപ്പെടെ നൂറുകണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേർന്നത്.