മുപ്പതിനായിരത്തോളം മലയാളി എഞ്ചിനീയർമാർക്ക്‌ കുവൈറ്റിൽ വിസ പുതുക്കാൻ കഴിയില്ലെന്ന് ആശങ്ക.

കുവൈറ്റ്‌ സിറ്റി ജനുവരി 24.

തൊഴിൽ നഷ്ടത്തിന്റെ വക്കിൽ എത്തിനിൽക്കുകയാണ് കുവൈറ്റിലെ മുപ്പതിനായിരത്തോളം വരുന്ന മലയാളി എഞ്ചിനീയർമാർ.
കുവൈറ്റ്‌ സൊസൈറ്റി ഓഫ് എഞ്ചിനീയർസ് അനുശാസിക്കുന്ന NBA എന്ന അക്രെഡിറ്റേഷൻ കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ ഭൂരിഭാഗത്തിനും ബാധകമാകാത്തതിനെ തുടർന്നാണ് ഇങ്ങനെ ഒരു ആകസ്മിക ദുരവസ്ഥ കുവൈറ്റ്‌ പ്രവാസികൾക്ക് ഉണ്ടായിരിക്കുന്നത്.

AICTE എന്ന വിലയേറിയ അപെക്സ് ബോഡിയുടെ അംഗീകാരം ഉണ്ടെങ്കിലും കേരളത്തിലെ കോളേജുകൾക്ക്, മാറിയ വിദ്യാഭ്യാസ മൂല്യ നിർണയ സംവിധാനത്തിൽ ആഗോള പ്രസക്തമായ NBA ഇല്ലാത്തതാണ് കുവൈറ്റിൽ മലയാളികൾക്ക് പ്രതിസന്ധിയായി മാറിയത്. നാട്ടിൽ നാമമാത്രമായി ചില കോളേജുകൾക്ക് NBA ഉണ്ടെങ്കിലും 2000ന് മുൻപ് പാസ്സായ ആളുകൾക്ക് ഇത് ലഭിച്ചിട്ടില്ല.

പൊതുവായ ക്വാളിറ്റി ഇമ്പ്രൂവ്‌മെന്റിന്റെ ഭാഗമായി കുവൈറ്റിൽ തൊഴിൽ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കുന്ന ഈ സാഹചര്യത്തിൽ കേരളത്തിലെ മികച്ച ബിരുദം ഉള്ളവർക്ക് പോലും പിടിച്ചു നിൽക്കാൻ പ്രയാസമാണ്. യോഗ്യതാ തുലന വിഷയത്തിൽ ഇന്ത്യൻ എംബസിയും സർക്കാരും അടിയന്തിരമായി ഇടപെടണമെന്നാണ് എഞ്ചിനീയർമാർ ആഗ്രഹിക്കുന്നത്.

താരതമ്യേന കുറഞ്ഞ വിദ്യാഭ്യാസ നിലവാരമുള്ള പല രാജ്യങ്ങളിൽ നിന്നും എഞ്ചിനീയറിംഗ് ഡിഗ്രിയും നേടി NBA അംഗീകാരത്തോടെ യുവാക്കൾ വരുമ്പോൾ അവസരങ്ങൾ അവർക്ക് വേണ്ടി വഴിമാറിക്കൊടുക്കുകയാണ് കുവൈറ്റിൽ. വിഷയം പരിഹരിക്കാൻ ഉന്നത തല സമിതി രൂപീകരിക്കണമെന്ന ആവശ്യം സജീവമായിട്ടുണ്ടെന്നു ബന്ധപ്പെട്ടവർ കുവൈറ്റ്‌ വാർത്ത യെ അറിയിച്ചു.