ഒന്നോ രണ്ടോ ദിവസത്തിന് വരുന്നവർ സന്ദർശക വിസ ഇൻഷുറൻസ് അടക്കേണ്ടതില്ല

കുവൈത്ത് സിറ്റി: രാജ്യത്ത് സന്ദർശക വിസയിൽ എത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം ആകുമ്പോൾ ചില വിഭാഗങ്ങളെ ഒഴിവാക്കുമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു നയതന്ത്ര പ്രതിനിധികൾക്കും ഔദ്യോഗിക സംഘത്തോടൊപ്പം എത്തുന്നവർക്കും ഒന്നോ രണ്ടോ ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് എത്തുന്നവർക്കും ഇൻഷുറൻസ് പ്രീമിയം അടക്കേണ്ടി വരില്ല കുവൈത്തിലെ ആരോഗ്യസേവനങ്ങൾ ഉപയോഗപ്പെടുത്താൻ മാത്രം സന്ദർശക വിസയിൽ എത്തുന്നവരെ ലക്ഷ്യം വെച്ചാണ് സന്ദർശക വിസക്ക് ആരോഗ്യമന്ത്രാലയം ഇൻഷൂറൻസ് നിർബന്ധമാക്കിയത് ഇൻഷൂറൻസ് നിർബന്ധമാക്കാനുള്ള തീരുമാനം സംബന്ധിച്ച് മന്ത്രിസഭ ഉത്തരവിറക്കിയിരുന്നു നിയമം പ്രാബല്യത്തിലായാൽ കുവൈത്തിലേക്ക് വരാൻ ഉദ്ദേശിക്കുന്നവർക്ക് വിസ ലഭിക്കണമെങ്കിൽ ഇൻഷുറൻസ് തുക കൂടെ അടക്കേണ്ടിവരും സന്ദർശന വിസയ്ക്കുള്ള അപേക്ഷയോടൊപ്പം ഇനി ആരോഗ്യ ഇൻഷുറൻസ് ഫീസ് അടച്ചതിന്റെ രേഖകൾ കൂടി സ്പോൺസർ സമർപ്പിക്കണം

തുടർന്ന് ഇവർക്ക് ഇൻഷുറൻസിന്റെ പരിരക്ഷയിൽ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കും അതിനിടെ സന്ദർശക വിസക്കാരുടെ ഇൻഷുറൻസിൽ അടിയന്തിര വൈദ്യസഹായവും അത്യാവശ്യമായ സർജറിയും മാത്രമാണ് അനുവദിക്കുന്നത്. മുമ്പുള്ള രോഗങ്ങൾക്കും അടിയന്തര ചികിത്സ ആവശ്യമില്ലാത്ത രോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. എന്നാൽ സർക്കാർ ആശുപത്രികളിൽ ഇത്തരക്കാർക്ക് ഫീസ് നൽകി ചികിത്സ തേടാവുന്നതാണ്. ഇൻഷുറൻസ് പ്രീമിയം തുക എത്രയാണെന്നതും ഇത് വരെ നിശ്ചയിച്ചിട്ടില്ല മന്ത്രിസഭ അംഗീകാരം ലഭിച്ചെങ്കിലും നിയമം പ്രാബല്യത്തിലാകാൻ ഇനിയും ദിവസങ്ങളെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ