കെ എഫ് എച്ചും അഹ്‍ലി യുണൈറ്റഡ് ബാങ്കും ലയിക്കാൻ സാധ്യത

കുവൈത്ത് സിറ്റി :കുവൈറ്റിലെ പ്രമുഖ ബാങ്കായ കുവൈറ്റ്‌ ഫിനാൻസ് ഹൗസ് ബഹ്‌റൈനിലെ അഹ്‍ലി യുനൈറ്റഡ് ബാങ്കുമായി ലയിച്ചേക്കുമെന്ന് റിപ്പോർട്ട്‌. രണ്ടു ബാങ്കുകളുടെയും ഡയറക്‌ടർബോർഡ് ലയനത്തിന് അംഗീകാരം നൽകിയതായി കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യാതിർത്തികൾ കടന്നുള്ള ഗൾഫ് മേഖലയിലെ ആദ്യത്തെ ബാങ്കുകളുടെ ലയനമാകും ഇത്. ലയനം എത്രത്തോളം ഫലപ്രദമാണ് എന്നത് സംബന്ധിച്ച പഠനത്തിന് വേണ്ടി നേരത്തെ തന്നെ കുവൈത്ത് സെൻട്രൽ ബാങ്ക് വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സെൻട്രൽ ബാങ്കും ലയനത്തിനനുകൂലമാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതിനെ മാതൃകയാക്കി രാജ്യത്തിനകത്തുള്ള മറ്റു ചില ബാങ്കുകളും ലയന ചർച്ചകൾ ആരംഭിച്ചതായി റോയിറ്റേഴ്‌സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ലയനം യാഥാർഥ്യമാകുകയാണെങ്കിൽ ജി സി സിയിലെ ആറാമത് വലിയ ബാങ്ക് ആയി നിർദിഷ്ട സ്ഥാപനം മാറിയേക്കും.