കുവൈത്തിലെ പുതിയ ഇഖാമ (റെസിഡന്റ് പെർമിറ്റ്) പുതുക്കൽ നടപടികൾ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നു .

കുവൈത്ത് സിറ്റി :കുവൈറ്റിലെ പുതിയ ഇഖാമ (റെസിഡന്റ് പെർമിറ്റ്) പുതുക്കൽ നടപടികൾ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നു .

നിരവധി പ്രവാസികളാണ് ഇതോടെ നാട്ടിലേയ്ക്ക് മടങ്ങുന്നത്. ലൈസൻസ് കാലാവധി അവസാനിച്ച  സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കലിലാണ് പുതിയ നിബന്ധന ഏർപ്പെടുത്തിയിരിക്കുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ലൈസന്‍സിന് ആറ് മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണമെന്നതാണ് പുതിയ നിബന്ധന. ഇതോടെ നിരവധി കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കല്‍ പ്രതിസന്ധിയിലായി. കമ്പനികൾക്ക് ആറുമാസം ലൈസൻസില്ലെങ്കിൽ തൊഴിലാളികൾക്ക് ഇഖാമ പുതുക്കി നൽകില്ലെന്ന് കുവൈറ്റ് വ്യക്തമാക്കിയതോടെ മലയാളികളുടേതടക്കം നിരവധി കമ്പനികളും പ്രതിസന്ധിയിലായി. താമസകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.  വാണിജ്യ മന്ത്രാലയത്തെ സമീപിച്ച് ലൈസൻസ് കാലാവധി നീട്ടി വാങ്ങാനാണ് താമസകാര്യ വകുപ്പ് കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. സാധാരണ ഗതിയിൽ 3 മുതൽ 5 വർഷം വരെയാണ് വാണിജ്യ ലൈസൻസിന്റെ കാലാവധി. കാലാവധി പൂർത്തിയായതിന് ശേഷമോ തൊട്ടു മുൻപോ മാത്രമാണ് ലൈസൻസ് പുതുക്കി നൽകുന്നത്. എന്നാൽ ഇഖാമ നടപടികൾക്ക് തടസം നേരിടുന്നതിനാൽ കാലാവധി അവസാനിക്കുന്നതിന് മുൻപേ ലൈസൻസ് പുതുക്കി നൽകണമെന്നാവശ്യപ്പെട്ട് നിരവധി കമ്പനികൾ വാണിജ്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ആറ് മാസം ലൈസന്‍സ് കാലാവധിയില്ലാത്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ ഇഖാമ പുതുക്കാതെ കുവൈറ്റിൽ നിന്ന് മടക്കി അയച്ചു കൊണ്ടിരിക്കുകയാണ്. ജോലിക്കാരെയും സ്ഥാപനത്തെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്ന നടപടിയാണിത്.