കുവൈത്ത് ഇന്ത്യൻ സമൂഹം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കുവൈത്ത് സിറ്റി :കുവൈത്തിലെ ഇന്ത്യൻ സമൂഹം റിപ്പബ്ലിക് ദിനം കൊണ്ടാടി. ഇന്ത്യൻ എംബസ്സിയിൽ വെച്ചാണ് ആഘോഷപരിപാടികൾ അരങ്ങേറിയത്. കുവൈത്ത് ഇന്ത്യൻ അംബാസഡർ ശ്രീ കെ. ജീവസാഗർ മഹാത്മാഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തിയശേഷം ദേശീയ പതാക ഉയർത്തി പരിപാടികൾക്ക്‌ തുടക്കം കുറിച്ചു. ചടങ്ങിൽ ബഹു :ഇന്ത്യൻ പ്രസിഡന്റിന്റെ റിപ്പബ്ലിക് ദിന സന്ദേശം അംബാസിഡർ അവതരിപ്പിച്ചു. വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ നേതൃത്ത്വത്തിൽ ചടങ്ങിൽ ദേശീയ ഗാനം ആലപിച്ചു.
തണുത്ത കാലാവസ്ഥയിലും രാജ്യ സ്നേഹം വിളിച്ചോതി ആയിരക്കണക്കിന് ഇന്ത്യൻ പൗരൻമാരാണ് പരിപാടിയിലേക്ക് ഒഴുകിയെത്തിയത്. കുവൈത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ അസോസിയേഷനുകൾ, ബിസിനസുകാർ, ഡോക്ടർമാർ, എൻജിനീയർമാർ, മറ്റു പ്രൊഫഷണലുകൾ, ഗാർഹികജോലിക്കാർ, എംബസ്സി ഉദ്യോഗസ്ഥർ എന്നിവരടക്കം സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായിരുന്നു.