കുവൈത്തിൽ സാമ്പത്തിക കുറ്റകൃത്യ കേസിൽ മലയാളികൾക്ക് തടവ് ശിക്ഷ

കുവൈറ്റ് : കുവൈറ്റിൽ പ്രമുഖ മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി കമ്പനിയിൽ മാനേജരായിരിക്കെ വിശ്വാസവഞ്ചനയും, കൃത്രിമവും നടത്തി പണം തട്ടിയ കേസിൽ രണ്ടു മലയാളികൾക്ക് ഒരു വർഷം വീതം തടവ്.
കമ്പനി ഉദ്യോഗസ്ഥനായിരുന്ന ചങ്ങനാശേരി സ്വദേശി ജയകൃഷ്ണൻ, സഹായി ഹരിപ്പാട് സ്വദേശി ബിച്ചു എന്നിവർക്കാണ് കുവൈറ്റ്‌ പ്രാഥമിക കോടതി ശിക്ഷ വിധിച്ചത്. കോടതി ഉത്തരവിന്‍റെ കോപ്പി മാധ്യമങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ട്.
കമ്പനിലെ മാനേജർ പദവി ദുരുപയോഗം ചെയ്ത ജയകൃഷ്ണൻ മറ്റു പ്രതികളുടെ സഹായത്തോടെ കരാർ രേഖകളിൽ കൃത്രിമം ഉണ്ടാക്കി വൻ തുക അപഹരിച്ചതായി തെളിഞ്ഞുവെന്ന് കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി.
സമാനമായ മറ്റൊരു കേസിൽ ജയകൃഷ്ണൻ നായർക്കും കുവൈറ്റ് സ്വദേശിക്കും ഉപാധികളോടെ കോടതി നേരത്തെ രണ്ടു മാസം തടവ് ശിക്ഷ വിധിച്ചിരുന്നു.
കേസിൽ കള്ളസാക്ഷി പറഞ്ഞതിന് കുവൈറ്റ് പൗരന് രണ്ടു മാസം തടവും വിധിച്ചിട്ടുണ്ട്. മറ്റൊരു പ്രതി ഷാജൻ ജോസഫ് പീറ്ററെ വെറുതെവിട്ടു.
ഏതാനും നാളുകളായി തുടരുന്ന നിയമ പോരാട്ടത്തില്‍ തെറ്റ് ഏറ്റുപറഞ്ഞ്‌ ക്ഷമ പറയാന്‍ തയ്യാറായാല്‍ കുറ്റക്കാരായ മലയാളി സഹപ്രവര്‍ത്തകരുടെ കാര്യത്തില്‍ അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാണെന്ന് കമ്പനി ഉടമയായ മലയാളി നേരത്തെ വ്യക്തമാക്കിയിരുന്നു .
എന്നാല്‍ പ്രതികള്‍ ഇതിനു തയ്യാറായില്ല. ഇവര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെ മറ്റു ചില ഇടപാടുകളിലും കേസ് തുടരുന്നതായി എൻ.ബി.ടി.സി കമ്പനി അധികൃതര്‍ വ്യക്തമാക്കി.