
കുവൈത്ത് സിറ്റി :കാലാവസ്ഥ വ്യതിയാനം പരിഹരിക്കുന്നതിന് ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമം അത്യാവശ്യമാണെന്ന് കുവൈത്ത്. കാലാവസ്ഥ മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിന് രാഷ്ട്രീയമായ ഇച്ഛാശക്തിയും അന്താരാഷ്ട്ര ഐക്യദാർഢ്യവും ആവശ്യമാണ്. കാലാവസ്ഥാവ്യതിയാനം കൂടുതൽ ഗുരുതരമാകുന്നതിന് മുമ്പ് ഭൂമിയെ സംരക്ഷിക്കാൻ ലോകം പ്രതിജ്ഞാബദ്ധരാകണമെന്നും യു. എന്നിൽ കുവൈത്ത് ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് സബ അൽഖാലിദ് അഹ്മദ് അൽ സബ ആവശ്യപ്പെട്ടു.
നാം പരിസ്ഥിതിയെ സംരക്ഷിക്കാൻ നടത്തുന്ന പ്രവർത്തനങ്ങളെക്കാൾ അതിവേഗത്തിലാണ് അതിന്റെ നാശം സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നമുടെ കൺമുമ്പിൽ തന്നെ നടമാടുന്നുണ്ട് . ദശലക്ഷക്കണക്കിന് ജനങ്ങൾ ഇതുമൂലം ദുരിതമനുഭവിക്കുന്നു. ഭക്ഷ്യവിഭവങ്ങളുടെ അഭാവവും രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമവുമെല്ലാം ഇതിന്റെ ഫലമാണ്. മനുഷ്യന്റെയും സഹജീവജാലങ്ങളുടെയും ഭാസുരമായ നിലനിലനില്പിന് കാലാവസ്ഥ വ്യതിയാനത്തെ നിയന്ത്രണവിധേ യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു