കുവൈത്തില്‍ മാര്‍ച്ച് 10 മുതല്‍ പാസ്‌പോര്‍ട്ടുകളില്‍ റസിഡന്‍സ് സ്റ്റിക്കര്‍ പതിക്കില്ല

കുവൈത്ത് സിറ്റി  : കുവൈറ്റില്‍ മാര്‍ച്ച് 10 മുതല്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ടുകളില്‍ റസിഡന്‍സ് സ്റ്റിക്കര്‍ ഉണ്ടായിരിക്കില്ലെന്ന് റിപ്പോര്‍ട്ട്. കുവൈറ്റിലെ ഈജിപ്ത് കോണ്‍സുലേറ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മാര്‍ച്ച് 10 മുതല്‍ കുവൈറ്റിലെത്തുന്ന പ്രവാസികള്‍ സിവില്‍ ഐഡി കാര്‍ഡും സാധുതയുള്ള പാസ്‌പോര്‍ട്ടും കയ്യില്‍ കരുതണമെന്നും എല്ലാ റസിഡന്‍സി വിവരങ്ങളും സിവില്‍ഐഡിയിലേക്ക് റെക്കോര്‍ഡ് ചെയ്യപ്പെടുമെന്നും എംബസി വ്യക്തമാക്കി.തുടര്‍ന്ന് സിവില്‍ഐഡി കാര്‍ഡുപയോഗിച്ച് രാജ്യത്തേയ്ക്ക് വരാനും പോകാനും സാധിക്കും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നടപ്പാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കുന്നത്. ഇതിന് പകരം വിദേശികള്‍ക്ക് നല്‍കുന്ന സിവില്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തും.
വിവിധ എംബസികളുമായും എയര്‍ലൈനുകളുമായും സഹകരിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പദ്ധതി ഉടന്‍ നടപ്പില്‍ വരുത്തുമെന്ന് റസിഡന്‍സി കാര്യ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ മറാഫി വ്യക്തമാക്കി. സ്‌പോണ്‍സര്‍മാര്‍ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെക്കുന്നത് തടയാനും പാസ്‌പോര്‍ട്ടിലെ പേജുകള്‍ സംരക്ഷിക്കാനും ഈ പദ്ധതി വഴി പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു