പാരീസ്: 850 വര്‍ഷത്തിലേറെ പഴക്കമുള്ള പാരീസിലെ പ്രശസ്തമായ നോത്രദാം കത്തീഡ്രലില്‍ വന്‍ തീപ്പിടിത്തം. തിങ്കളാഴ്ച രാത്രി വൈകിയാണ് തീപ്പിത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കത്തീഡ്രലിന്റെ ഗോപുര മണികള്‍ക്ക് മുകളില്‍വരെ തീ ഉയര്‍ന്നു. തീപ്പിടത്തത്തെ തുടര്‍ന്നുണ്ടായ പുക വലിയതോതില്‍ ഉയരുന്നുമുണ്ട്. കത്തീഡ്രലിന്റെ മുകളിലുള്ള ഗോപുരശിഖരം തീപ്പിടത്തില്‍ തകര്‍ന്നുവെന്നും റിപോര്‍ട്ടുകളുണ്ട്. കത്തീഡ്രലില്‍ തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്ന ടെലിവിഷന്‍ പരിപാടി മാറ്റിവച്ചു. കത്തീഡ്രലിലേക്കുള്ള വഴികള്‍ പോലിസും അഗ്നിശമന സേനയും തടഞ്ഞിരിക്കുകയാണ്. 12ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച നോത്രദാം കത്തീഡ്രലില്‍ നവീകരണം നടന്നുകൊണ്ടിരിക്കെയാണ് തീപ്പിടിത്തമുണ്ടായത്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടംകൂടിയാണ് നോത്രദാം കത്തീഡ്രല്‍. മേയര്‍ ആന്‍ ഹെഡലോഗ് ട്വിറ്ററിലൂടെയാണ് തീപ്പിടിത്തമുണ്ടായ വിവരം പുറത്തുവിട്ടത്. തീപ്പിടിത്തത്തിന്റെ യഥാര്‍ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. തീപ്പിടിത്തം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലിസും പുറത്തുവിട്ടിട്ടില്ല.