കുവൈത്ത് സിറ്റി :2022 ൽ ഖത്തറിൽ വെച്ച് നടക്കുന്ന ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ കുവൈത്ത് തയ്യാറാണെന്ന് ഫിഫാ പ്രസിഡണ്ടിനെ അറിയിച്ചതായി റിപ്പോർട്ടുകൾ. ശനിയാഴ്ചയും ഞായറാഴ്ചയുമായി കുവൈത്തിൽ വെച്ച് നടന്ന ചർച്ചയിലാണ് കുവൈത്ത് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബർ അൽ സബ ഫിഫ പ്രസിഡണ്ട് ഗിയാനി ഇൻഫാനിന്റോയെ ഇക്കാര്യം അറിയിച്ചതായാണ് സൂചന. ചില മത്സരങ്ങൾ കുവൈത്തിൽ വച്ച് നടത്താൻ തയ്യാറാണെന്ന് അമീർ പറഞ്ഞതായി ഫിഫ പ്രസിഡണ്ട് അറിയിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ കുവൈത്തിന്റെ ഔദ്യോഗികമായ സ്ഥിരീകരണം ഇത് വരെ ഉണ്ടായിട്ടില്ല. 2022ൽ ഖത്തറിൽ വെച്ച് നടക്കുന്ന വേൾഡ് കപ്പിൽ ടീമുകളുടെ എണ്ണം 32 ഇൽ നിന്നും 48 ആയി ഉയർത്തുന്ന കാര്യത്തിൽ പാരീസിൽ വച്ച് നടക്കുന്ന ഫിഫ മീറ്റിങ്ങിൽ തീരുമാനമാകും. കുവൈത്തിന്റെ അനുകൂല നിലപാട് ടീമുകളുടെ എണ്ണം ഉയർത്തുവാൻ സഹായകമാകും എന്നാണ് കരുതപ്പെടുന്നത്. മത്സരങ്ങൾ കുവൈത്തിൽ വെച്ച് നടക്കുകയാണെങ്കിൽ കുവൈത്തിന്റെ കായിക മേഖലയ്ക്ക് വലിയ മുതൽകൂട്ടായി മാറുമെന്നാണ് കായികപ്രേമികൾ പ്രതീക്ഷിക്കുന്നത്.