ബാംഗ്ലൂര്‍: കേരളത്തില്‍ നിന്നുള്ള അന്യസംസ്ഥാന സര്‍വീസുകളുടെ കുത്തക കയ്യടക്കിയിരുന്ന കല്ലട ബസ് സര്‍വീസ്, ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തോടെ നേരിടുന്നത് കടുത്ത പ്രതിസന്ധി. യാത്രക്കാര്‍ കൂട്ടത്തോടെ ബുക്കിംഗുകള്‍ റദ്ദാക്കാന്‍ തുടങ്ങിയതോടെ സര്‍വീസുകള്‍ മിക്കതും മുടങ്ങിയിരിക്കുകയാണ്.
കല്ലടയുടെ ടിക്കറ്റ് ബുക്കിംഗ് ഏജന്‍സി ഓഫീസുകള്‍ വരെ ആളുകളിറങ്ങി പൂട്ടിക്കുകയാണ്. യാത്ര റദ്ദാക്കേണ്ടി വന്നാലും കല്ലടയിലില്ലെന്ന നിലയിലാണ് ആളുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കുന്നത്.കേരളത്തില്‍ നിന്നും അന്യസംസ്ഥാനങ്ങളിലേക്കുള്ള രാത്രി സര്‍വീസുകളുടെ കുത്തക കയ്യടക്കിയ കമ്പനിയായിരുന്നു സുരേഷ് കല്ലട. കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും ഇവര്‍ക്ക് അന്യസംസ്ഥാനങ്ങളിലേക്ക് സര്‍വീസുകള്‍ ഉണ്ടായിരുന്നു. നൂറോളം ബസുകള്‍ ആയിരുന്നു കേരളത്തില്‍ നിന്നും രാത്രിയ്ക്ക് മുമ്പ് അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരുന്നത്.
കൊല്ലത്ത് നിന്നും മുംബൈയിലേക്കായിരുന്നു കല്ലടയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വീസ്. പാലക്കാട് നിന്നും വാളയാര്‍ വരെയുള്ളതായിരുന്നു കല്ലടയുടെ ഏറ്റവും ചെറിയ സര്‍വീസ്.
ചെന്നൈ, ബാംഗ്ലൂര്‍, മംഗലാപുരം എന്നിവിടങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്നവരെ സംബന്ധിച്ച് പലപ്പോഴും കല്ലടയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. അതിനുതക്ക അഹങ്കാരവും ധാര്‍ഷ്ട്യവും ഈ ബസിലെ ജീവനക്കാര്‍ക്കുമുണ്ടായിരുന്നു. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ജീവനക്കാര്‍ ചേര്‍ന്ന് യാത്രക്കാരെ മര്‍ദ്ദിക്കുന്നതിലേക്ക് എത്തിയത്.
ബസ് വരാന്‍ വൈകുകയോ സൌകര്യങ്ങളില്‍ കുറവുണ്ടാകുകയോ തകരാര്‍ മൂലം മണിക്കൂറുകളോളം നിര്ത്തിയിടെണ്ടി വരികയോ ഒക്കെ ചെയ്താല്‍ യാത്രക്കാര്‍ക്ക് പ്രതികരിക്കാന്‍ കഴിയുമായിരുന്നില്ല. അത്തരം പ്രതികരണങ്ങള്‍ ഗുണ്ടായിസവും ധാര്‍ഷ്ട്യവും കാണിച്ച് ഒതുക്കുന്നതായിരുന്നു രീതി.
കഴിഞ്ഞ ദിവസത്തെ മര്‍ദ്ദനത്തിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്ത് വന്നിട്ടും യാത്രക്കാര്‍ ചേര്‍ന്ന് ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു കല്ലട സുരേഷ് ചെയ്തത്. പണവും സ്വാധീനവും ഉപയോഗിച്ച് പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമമായിരുന്നു ഇത്. എന്നാല്‍ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും വിഷയം ഏറ്റെടുത്തതോടെ കാര്യങ്ങള്‍ കല്ലടയുടെ കൈയ്യില്‍ നിന്നും കൈവിട്ടുപോയി.
അന്യസംസ്ഥാന സര്‍വീസുകളുടെ കുത്തകയുണ്ടായിരുന്ന കല്ലട ഇതോടെ തകര്‍ന്നു തരിപ്പണമാകുന്നതാണ് സ്ഥിതി. ഇത്രയൊക്കെ പ്രതിഷേധം ഉയര്‍ന്നിട്ടും കാര്യങ്ങളെ ഗൌരവത്തോടെ കാണാനും യാത്രക്കാരോട് ക്ഷമ പറയാനും സുരേഷ് കല്ലടയോ മാനെജ്മെന്റ് പ്രതിനിധികളോ തയാറായിട്ടില്ലെന്നതാണ് ഖേദകരം.
പ്രതിഷേധം ശക്തമായതോടെ റെഡ് ബസ് കല്ലടയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഇവര്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത. കല്ലടയുടെ റേറ്റിംഗും കുത്തനെ ഇടിഞ്ഞിട്ടുണ്ട്.