മതേതര സർക്കാറുണ്ടാക്കാൻ ഇടത്പക്ഷവുമായി കൈകോർക്കും :എ കെ ആന്റണി  

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കുമായിരിക്കും ബിജെപിയെക്കാൾ മുൻതൂക്കമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. എന്നാൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കും ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പു പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു സാഹചര്യമുണ്ടായാൽ മതേതര,ജനാധിപത്യ കക്ഷികളുടെ സഹായം തേടി കേന്ദ്രത്തിൽ എന്തു വില കൊടുത്തും ഒരു മതേതര സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസ് നയിക്കുന്ന സർക്കാരിൽ ഇടതുപക്ഷമുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയും വൈവിധ്യവുമാണ് രാജ്യത്തിന്റെ പ്രത്യേകത. എല്ലാ രാഷ്ട്രീയധാരകൾക്കും ആശയങ്ങൾ പ്രചരിപ്പിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും അവസരമുണ്ട്. അതു കൊണ്ട് തന്നെ ഇടതുപക്ഷത്തെ തുടച്ചു മാറ്റുന്ന നിലപാടിനോട് തനിക്കോ കോൺഗ്രസിനോ താൽപര്യമില്ലെന്നും ആന്റണി കൂട്ടിച്ചേർത്തു.