ദില്ലി: ബാലാകോട്ട് മിന്നലാക്രമണത്തില്‍ നരേന്ദ്രമോദിയുടെ വിചിത്ര’മേഘ സിദ്ധാന്തം’ മുക്കി ബിജെപി. പാക് റഡാറുകളുടെ നിരീക്ഷണത്തില്‍നിന്ന് രക്ഷപ്പെടാന്‍ മേഘങ്ങളെ ഉപയോഗിക്കാമെന്ന് ഉപദേശിച്ചത് താനാണെന്ന മോദിയുടെ വാക്കുകള്‍ വ്യാപക പരിഹാസത്തിനും ട്രോളുകള്‍ക്കും കാരണമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പരാമര്‍ശം അടങ്ങിയ വീഡിയോ ബിജെപി ട്വിറ്ററില്‍നിന്ന് നീക്കി. അതേസമയം ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. വീഡിയോയും വ്യാപകമായി പ്രചരിക്കുകയാണ്. മോദിയുടെ പരാമര്‍ശം പരിഹാസത്തിനിടയായതോടെ ബിജെപി നേതാക്കള്‍ വെട്ടിലായിരുന്നു. ആരും പ്രത്യക്ഷ പ്രതികരണത്തിന് മുതിര്‍ന്നില്ല. വാര്‍ത്ത ചാനലിന് നല്കിയ അഭിമുഖത്തിലാണ് മോദി തന്റെ സിദ്ധാന്തമവതരിപ്പിച്ചത്. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ തീരുമാനിച്ച ദിവസം പെരുമഴയും കാര്‍മേഘങ്ങളുമായിരുന്നു. ആക്രമണം നടത്തുന്നതില്‍ വിദഗ്ധര്‍ക്ക് രണ്ട് മനസ്സായിരുന്നു. ചിലര്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് മറ്റൊരു ദിവസം നടത്താമെന്നും അഭിപ്രായപ്പെട്ടു.എന്നാല്‍, പാക് റഡാറുകളില്‍നിന്ന് ഇന്ത്യന്‍ പോര്‍വിമാനങ്ങളെ മറയ്ക്കാന്‍ മഴമേഘങ്ങള്‍ക്ക് കഴിയുമെന്ന തന്റെ നിര്‍ദേശം പരിഗണിച്ചാണ് അതേ ദിവസം തന്നെ മിന്നലാക്രമണം നടത്തിയതെന്നായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം.