കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് 20 ലക്ഷം വിദേശികളെ പുറന്തള്ളണമെന്ന് സഫ അൽ ഹാഷിം എം.പി ആവശ്യപ്പെട്ടു. സ്വന്തം രാജ്യത്ത് കുവൈത്തികൾ ന്യൂനപക്ഷമാകുന്ന അവസ്ഥ അംഗീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ അഞ്ചുവർഷത്തിനകം രണ്ട് ദശലക്ഷം വിദേശികളെ തിരിച്ചയക്കണം. ജനസംഖ്യ സന്തുലിതത്വം ദേശീയ ആവശ്യമാണെന്ന് അവർ ആവശ്യപ്പെട്ടു. സത്യസന്ധരും രാജ്യത്തിന് ആവശ്യമായ കഴിവുകൾ ഉള്ളവരുമായ വിദേശികൾക്ക് തങ്ങൾ എതിരല്ല. ഉൽപാദനക്ഷമമല്ലാത്ത ആൾക്കൂട്ടത്തെ ഒഴിവാക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്.നിലവിൽ 47 ലക്ഷം വരുന്ന കുവൈത്ത് നിവാസികളിൽ 14 ലക്ഷം മാത്രമാണ് കുവൈത്തികൾ. മൊത്തം ജനസംഖ്യയുടെ പകുതിയെങ്കിലും സ്വദേശികൾ ആവേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വിദേശികൾ നാട്ടിലയക്കുന്ന പണത്തിന് അഞ്ചുശതമാനം നികുതി ഏർപ്പെടുത്തണം. കഴിഞ്ഞ അഞ്ചുവർഷത്തിനകം 2000 കോടി ദീനാറാണ് വിദേശികൾ കുവൈത്തിൽനിന്ന് സ്വന്തം നാട്ടിലേക്ക് അയച്ചത്. പണം വൻതോതിൽ പുറത്തേക്ക് ഒഴുകുന്നത് രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ തളർത്തുന്നു. ഇൗജിപ്തിലെ സിറിയക്കാർക്കെതിരെ അവിടത്തുകാർ സമരം ചെയ്യുന്നു. തങ്ങളുടെ തൊഴിലും വ്യാപാരവും സിറിയക്കാർ കവരുന്നുവെന്നാണ് ആരോപിക്കുന്നത്. കുവൈത്തിലുള്ള ഇൗജിപ്തുകാർക്കെതിരെ ഇതേ ന്യായം കുവൈത്തികൾക്കും ഉന്നയിക്കാമെന്ന് എം.പി പറഞ്ഞു. കുവൈത്തിലെ ബീച്ചിലും പാർക്കുകളിലും വിദേശികൾക്ക് ഫീസ് ഏർപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം സഫ അൽ ഹാഷിം ആവശ്യപ്പെട്ടിരുന്നു. പെരുന്നാൾ അവധിയാഘോഷത്തിനിടെ തീരവും പാർക്കുകളും വിദേശികൾ മലിനമാക്കി എന്നാരോപിച്ചാണ് അവർ ഇൗ ആവശ്യം ഉന്നയിച്ചത്.