ജിദ്ദ: സൗദി അറേബ്യയില്‍ നിന്നുള്ള രണ്ട് സര്‍വീസുകളില്‍ സംസം ജലം കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് എയര്‍ ഇന്ത്യ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചെറിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന രണ്ട് സെക്ടറുകളിലും അനുവദനീയമായ ലഗേജ് പരിധി പാലിച്ചുകൊണ്ട് സംസം ജലം കൊണ്ടുവരാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.മക്കയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ എയര്‍ ഇന്ത്യയുടെ ചെറിയ വിമാനങ്ങളില്‍ സംസം ജലം കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് നാലാം തീയ്യതിയാണ് എയര്‍ ഇന്ത്യ അറിയിപ്പ് നല്‍കിയത്. ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്കും (എ.ഐ 966) ഹൈദരാബാദ്-മുംബൈ എന്നിവിടങ്ങളിലേക്കുമുള്ള (എ.ഐ 964) വിമാനങ്ങളിലായിരുന്നു ഈ വിലക്ക്. വിമാനങ്ങളുടെ വലിപ്പക്കുറവും സുരക്ഷയും കണക്കിലെടുത്ത് സെപ്തംബര്‍ 15 വരെ സംസം ജലം കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തുന്നുവെന്ന് അറിയിച്ച കമ്പനി വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന മറ്റ് സെക്ടറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ലെന്നും അറിയിച്ചിരുന്നു.എന്നാല്‍ തീര്‍ത്ഥാടകരെ അഞ്ച് ലിറ്റര്‍ വീതം സംസം ജലം കൊണ്ടുവരാന്‍ അനുവദിക്കണമെന്നത് ഹജ്ജ് കമ്മിറ്റിയും എയര്‍ ഇന്ത്യയും ഒപ്പുവെച്ച കരാറിന്റെ ഭാഗമാണെന്നാണ് ഹജ്ജ് കമ്മിറ്റി സിഇഒ ഡോ. എം.എ ഖാന് അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ യാത്രക്കാരെ സംസം ജലം കൊണ്ടുവരാന്‍ അനുവദിക്കേണ്ടത് എയര്‍ ഇന്ത്യയുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് സംസം ജലം കൊണ്ടുവരുന്നതിനുള്ള വിലക്ക് നീക്കിക്കൊണ്ട് എയര്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം ഇന്ന് രാവിലെ പുറത്തുവന്നത്.