യൂസഫലി ഇടപെട്ടു :തുഷാർ വെള്ളാപ്പള്ളിക്ക് മോചനം

വണ്ടിച്ചെക്ക് കേസില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചു. അജ്മാനില്‍ ജാമ്യത്തുക കെട്ടിവച്ചു.വ്യവസായി എം.എ.യൂസഫലിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. ഇന്ന് പുറത്തിറക്കിയില്ലെങ്കില്‍  ഞായറാഴ്ച മാത്രമേ നീക്കം നടത്താനാകൂ എന്നതിനാല്‍ നടത്തിയ തിരക്കിട്ട നീക്കത്തിന് ഒടുവിലാണ് ജാമ്യം.
ഇരുപതുകോടിയോളം രൂപയുടെ ചെക്കുകേസിലാണ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായത്. പത്തുവര്‍ഷം മുന്‍പുനടന്ന സംഭവത്തിന്‍മേലാണ് തുഷാര്‍ വെള്ളാപ്പള്ളിയെ ചൊവ്വാഴ്ച രാത്രിയോടെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അജ്മാനില്‍ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ സബ് കോണ്ട്രാക്ടറായിരുന്ന തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല നാലു ദിവസം മുന്‍പാണ് തുഷാറിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന്, ചെക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കെന്ന പേരില്‍ തുഷാറിനെ അജ്മാനിലേക്കു വിളിച്ചു വരുത്തി. പൊലീസില്‍ പരാതി നല്‍കിയ വിവരം തുഷാര്‍ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. അജ്മാനിലെ ഹോട്ടലിലെത്തിയ തുഷാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനം നാളെ തുടങ്ങാനിരിക്കെ അതിനു മുന്‍പു തന്നെ തുഷാറിനെ മോചിതനാക്കാനായിരുന്നു ശ്രമം.