കുവൈത്ത് സിറ്റി:
പുറംജോലിക്കാർക്ക് കത്തുന്ന ചൂടിൽ ആശ്വാസം പകരുന്നതിനായി അനുവദിച്ച ഉച്ചവിശ്രമം നാളെ അവസാനിക്കും. റോഡ്, നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് ഏറെ അനുഗ്രഹമായിരുന്നുവെങ്കിലും പലയിടത്തും തൊഴിലാളികളെ നിർബന്ധിച്ചു ജോലി ചെയ്യിക്കുകയാണെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു.മാത്രമല്ല, നിയമങ്ങളൊന്നും അനുസരിക്കാതെ തൊഴിലാളികളെകൊണ്ട് നിരന്തരം ജോലിയെടുപ്പിക്കുന്നതും പലയിടത്തും നിർബാധം തുടരുകയാണെന്നും പരാതി ഉണ്ടായിരുന്നു.
ഈ വർഷം ഇതുവരെ 1500ലേറെ പേർ വിശ്രമത്തിന് നിശ്ചയിക്കപ്പെട്ട സമയത്ത് ജോലിചെയ്യുന്നതായി കണ്ടെത്തിയിരുന്നു.മാൻപവർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്. സർക്കാർ പദ്ധതികൾ, ഭവന നിർമാണ പദ്ധതികൾ തുടങ്ങിയവയിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. തൊഴിലാളികളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തു കൊണ്ടായിരുന്നു ഇത്തരത്തിൽ ദ്രോഹനടപടികൾ ആവർത്തിച്ചത്. മനുഷ്യാവകാശ അസോസിയേഷൻ പ്രതിനിധികൾ നടത്തിയ പരിശോധനയിൽ 356 തൊഴിലാളികളും ഉച്ചവിശ്രമ സമയത്ത് ജോലി ചെയ്യുന്നതായി കണ്ടെത്തി.വാട്സ്ആപ്, ഹോട്ട്ലൈൻ വഴി ലഭിച്ച പരാതികളെ തുടർന്നായിരുന്നു പലയിടങ്ങളിലും പരിശോധനയെന്ന് മനുഷ്യാവകാശ അസോസിയേഷൻ അറിയിച്ചു. ഉച്ചവിശ്രമം അനുവദിക്കപ്പെട്ടതാണെന്ന കാര്യം ജോലിക്കാരിൽ പലർക്കും അറിയില്ലായിരുന്നുവെന്നാണ് മനസ്സിലായതെന്നും അസോസിയേഷൻ പറഞ്ഞു.