കുവൈത്ത് സിറ്റി : കുവൈത്ത് എയർവേസിന് പുതിയ വിമാനം ലഭ്യമാക്കി. എ 320 നിയോ ശ്രേണിയിൽപെട്ട മൂന്നാമത്തെ വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിൽ പറന്നിറങ്ങി. ‘വറാഹ് എയർക്രാഫ്റ്റ്’ എന്നാണ് വിമാനത്തിന് പേരിട്ടത്.യൂറോപ്യൻ നിർമാതാക്കളായ ‘എയർ ബസ്’ കമ്പനിയിൽനിന്നാണ് എ 320 ഗണത്തിൽപെടുന്ന വിമാനങ്ങൾ വാങ്ങുന്നത്. ഈ ഇനത്തിലെ 15 വിമാനങ്ങളാണ് കമ്പനി ബുക്ക് ചെയ്തത്. അടുത്ത വർഷം കൂടുതൽ വിമാനങ്ങൾ വാങ്ങും. ‘എയർ ബസ്’കമ്പനിയുടെ തന്നെ മറ്റു മോഡലുകളിലുള്ള 13 വിമാനം ഉൾപ്പെടെ മൊത്തം 28 പുതിയ വിമാനങ്ങൾ വാങ്ങി സർവിസ് വിപുലപ്പെടുത്താനാണ് ആലോചിക്കുന്നത്.യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞവർഷം കുതിപ്പുണ്ടായിട്ടുണ്ട്. സേവനം മെച്ചപ്പെടുത്തിയും പുതിയ സ്ഥലങ്ങളിലേക്ക് സർവിസ് ആരംഭിച്ചും കൂടുതൽ ആളുകളെ ആകർഷിക്കാനാണ് പദ്ധതി. നിലവിൽ നഷ്ടത്തിലുള്ള കമ്പനി അടുത്ത വർഷത്തോടെ ലാഭത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.രാജ്യാന്തര തലത്തിൽതന്നെ ഉന്നത നിലവാരത്തിലുള്ള എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേസ് തുടങ്ങിയവയുമായി മത്സരത്തിനൊരുങ്ങുകയാണ് കുവൈത്ത് എയർവേസ്. ഇൗവർഷവും അടുത്ത വർഷവുമായി ധാരാളം പുതിയ സർവിസുകൾ ആരംഭിക്കാൻ കുവൈത്ത് എയർവേസിന് പദ്ധതിയുണ്ട്.