കുവൈത്തിൽ കർഫ്യൂ ഏർപ്പെടുത്തുന്ന വിഷയം: തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തിൽ

കുവൈത്ത്​ സിറ്റി: കോവിഡ് 19 നെ പ്രതിരോധിക്കാനായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പൊതുജന സഹകരണം കുറഞ്ഞാൽ രാജ്യവ്യാപക കർഫ്യൂ ഏർപ്പെടുത്തുന്ന വിഷയത്തിൽ തീരുമാനം വ്യാഴാഴ്​ചത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായേക്കും. കർഫ്യൂ വേണമോ എന്ന കാര്യത്തിൽ വ്യത്യസ്​ത അഭിപ്രായം നിലനിൽക്കുന്ന സാഹചര്യത്തിലാണ്​ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്​ത്​ തീരുമാനിക്കാമെന്ന്​ നിശ്ചയിച്ചത്​.
വീട്ടിലിരിക്കണമെന്ന നിർദേശം ലംഘിച്ച്​ ഇ​പ്പോഴും പുറത്തിറങ്ങി നടക്കുന്നതും സംഘം ചേരുന്നതും തുടരുന്ന സാഹചര്യത്തിലാണ്​ രാജ്യ വ്യാപക കർഫ്യൂ ഏർപ്പെടുത്തുന്നതിനെ കുറിച്ച്​ സർക്കാർ ആലോചിക്കുന്നത്​. കോവിഡ്​ 19 പ്രതിരോധത്തിന്​ സർക്കാർ സ്വീകരിച്ച നടപടികളോട്​ ജനം സഹകരിക്കുന്നില്ലെങ്കിൽ കർഫ്യൂ ഉൾപ്പെടെ ശക്​തമായ നടപടികൾക്ക്​ മടിക്കില്ലെന്ന്​ ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​ നേരത്തെ വ്യക്​തമാക്കിയിരുന്നു.