കോവിഡ് പ്രതിരോധം:കുവൈത്തിൽ സ്വകാര്യ ആശുപത്രികൾ ഒഴികെയുള്ള ആരോഗ്യ കേന്ദ്രങ്ങൾ, ഡിസ്പെൻസറികൾ, സ്വകാര്യ ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവ നിർത്തിവെക്കാൻ നിർദേശം

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്തിൽ സ്വകാര്യ മേഖലയിലെ ആശുപത്രികളൊഴികെയുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളും ക്ലിനിക്കുകളും അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. വലിയ ആശുപത്രികൾക്ക്​ മാത്രം പരിമിതമായ തോതിൽ പ്രവർത്തിക്കാൻ അനുമതിയുണ്ട്​. വലിയ ആശുപത്രികളിൽ സാധാരണ ശസ്​ത്രക്രിയ നിർത്തിവെക്കാനും അടിയന്തര ശസ്​ത്രക്രിയകൾ മാത്രം നടത്താനും നിർദേശിച്ചു.

ഒ.പി 50 ശതമാനത്തിലേക്ക് കുറക്കാൻ സ്വകാര്യ ആശുപത്രികൾ ക്രമീകരണങ്ങൾ വരുത്തണം. പരിശോധനക്കെത്തുന്നവർ കൂടിക്കലർന്ന്​ ഇരിക്കാതിരിക്കാൻ ക്രമീകരണം ഏർപ്പെടുത്തണം. അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ മുൻകൂട്ടി അനുമതിയില്ലാത്തവരെ ആശുപത്രിയിലേക്ക്​ പ്രവേശിപ്പിക്കരുത്​.

ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ മെഡിക്കൽ സേവന കാര്യ അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറിയാണ് എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളും സ്വകാര്യ ക്ലിനിക്കുകളും അടച്ചു പൂട്ടാനും സ്വകാര്യ മേഖലയിലെ ആശുപത്രികളോട് കർശന നിയന്ത്രണങ്ങളേർപെടുത്താനും ആവശ്യപ്പെട്ട്​ നിർദേശം നൽകിയത്. ഞായറാഴ്​ച മുതലാണ്​ നിർദേശത്തിന്​ പ്രാബല്യം.