കുവൈത്ത് സിറ്റി: സ്വദേശത്തേക്കുള്ള ഇന്ത്യക്കാരുടെ തിരിച്ചുപോക്ക് അടക്കമുള്ള വിഷയങ്ങളില്‍ ഉടന്‍ പരിഹാരമാകുമെന്നും നിരന്തരം കേന്ദ്ര സർക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും കുവൈത്ത് ഇന്ത്യൻ അംബാസഡർ ജീവസാഗർ അറിയിച്ചു. ‘നമ്മൾ വളരെ പ്രയാസമേറിയ സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നത്. നാം കൂടുതൽ ധൈര്യവും ക്ഷമയും കാണിക്കേണ്ട സന്ദർഭവും ഇതുതന്നെയാണ്. ഇന്ത്യൻ എംബസി നിങ്ങളോട് കൂടെയുണ്ട്. നാം ഒരുമിച്ച് ഈ പ്രതിസന്ധി മറികടക്കുക തന്നെ ചെയ്യും. മാനുഷിക സേവനത്തിന് ഏറെ പ്രാധാന്യം നൽകുന്ന സുഹൃദ് രാജ്യത്തിലാണ് നാം ഉള്ളത് എന്നത് വളരെയധികം ആഹ്ലാദം നൽകുന്നു ഇന്ത്യക്കാരടക്കമുള്ള രാജ്യനിവാസികൾക്ക് നൽകുന്ന കരുതലിൽ കുവൈത്ത് ഭരണകൂടത്തിന് നന്ദി അറിയിക്കുകയാണ്. വൈറസ് വ്യാപനം തടയാൻ കുവൈത്ത് ശ്രദ്ധേയമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കർഫ്യൂ, വീട്ടിലിരിക്കണമെന്ന ആവശ്യം തുടങ്ങി അധികൃതരുടെ മാർഗനിർദേശങ്ങൾ അനുസരിക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. രോഗ സംശയ സാഹചര്യമുണ്ടെങ്കിൽ ഉടൻ അധികൃതരെ അറിയിക്കണം. ഒരുപാട് പേർ ജോലിയും വരുമാനവും നഷ്ടപ്പെട്ട് പ്രയാസത്തിലാണ്. അവരെ സഹായിക്കുന്ന വ്യക്തികളെയും സംഘടനകളെയും സന്നദ്ധപ്രവർത്തകരെയും നന്ദി അറിയിക്കുകയാണ്.
എംബസി വെബ്സൈറ്റിൽ ഹെൽപ്ലൈൻ നമ്പർ പ്രദർശിപ്പിച്ചിട്ടുണ്ട്. സേവനരംഗത്തുള്ള ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരും സന്ദർശക വിസയിലെത്തിയവരും ജോലി നഷ്ടമായവരും ചികിത്സ ഉൾപ്പെടെ മറ്റു ആവശ്യങ്ങൾക്ക് അടിയന്തരമായി നാട്ടിലെത്തേണ്ടവരുമായ ആയിരങ്ങൾ തിരിച്ചു പോവാൻ ആഗ്രഹിക്കുന്നുവെന്ന കാര്യം എംബസിക്ക് ബോധ്യമുള്ളതാണ്. ഇൗ വിഷയത്തിൽ കുവൈത്ത് ഭരണകൂടവുമായും ഇന്ത്യൻ ഭരണകൂടവുമായും എംബസി ബന്ധപ്പെടുന്നുണ്ട്. തിരിച്ചുകൊണ്ടുപോവൽ ശരിയായ സമയത്ത് സുഗമമായി നടക്കും. അത് നമ്മുടെ എല്ലാവരുടെയും താൽപര്യമാണ്’ അംബാസഡർ പറഞ്ഞു.