14 ദിവസത്തെ ക്വാറന്റീൻ നിബന്ധന പുനഃപരിശോധിക്കണമെന്ന അഭ്യർത്ഥനയുമായി കുവൈത്തിലെ ട്രാവൽ ഏജൻസികൾ

വിദേശത്തു നിന്ന് വരുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം എന്ന നിബന്ധന പുനഃപരിശോധിക്കണമെന്ന അഭ്യർത്ഥനയുമായി കുവൈത്തിലെ ട്രാവല്‍ ഏജന്‍സികള്‍. പതിനാല് ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നതിനാല്‍ ആളുകള്‍ യാത്ര ചെയ്യാന്‍ മടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രാവല്‍ ഏജന്‍സികളുടെ സംഘടന നിബന്ധന പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി എത്തിയത്.

കുവൈത്ത് ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സീസ് അസോസിയേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ലാഫി അല്‍ മുതൈരി വാര്‍ത്താസമ്മേളനത്തിലാണ് ഇത്തരമൊരു ആവശ്യമുന്നയിച്ചത്. രാജ്യത്തെത്തുന്നവര്‍ പതിനാലു ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥ ട്രാവല്‍ മേഖലക്ക് വലിയ ആഘാതം ഉണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. കോവിഡ് മൂലം തകര്‍ച്ചയിലായ മേഖലക്കു ഇത് കൂടുതല്‍ പ്രഹരമേല്പിക്കുകയാണ്. പതിനാലു ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണം എന്നതിനാല്‍ ആളുകള്‍ യാത്ര ചെയ്യാന്‍ മടിക്കുന്ന സാഹചര്യമാണുള്ളത്. യാത്രക്കാരെ വീടുകളില്‍ തളച്ചിടാതെ യാത്രക്കു കൂടുതല്‍ അവസരമൊരുക്കുകയാണ് ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയെയും സമ്ബദ്ഘടനയെയും സംരക്ഷിക്കാന്‍ ചെയ്യേണ്ടത്. രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ നിബന്ധന എടുത്തുമാറ്റുകയും പകരം വിമാനത്താവളത്തിലെ പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കുകയും ചെയ്യണെമെന്നു KTTAA ചെയര്‍മാന്‍ നിര്‍ദേശിച്ചു.