ഉപപ്രധാനമന്ത്രി അനസ്‌ അൽ സാലെഹിന് എതിരെയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കുവൈത്തിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ്‌ അൽ സാലെഹിനെതിരെ പാർലമെന്റിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രമേയത്തെ 35 അംഗങ്ങൾ എതിർത്തു. 13അംഗങ്ങൾ മാത്രമാണു അനുകൂലിച്ച്‌ വോട്ട്‌ രേഖപ്പെടുത്തിയത്‌. രാജ്യത്ത്‌ അഴിമതി തുടച്ചു നീക്കുന്നതിന്റെ ഭാഗമായി പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന നടപടികളിൽ വലം കയ്യായി പ്രവർത്തിച്ചു വരുന്ന മന്ത്രിയാണു ഉപപ്രധാന മന്ത്രിയുടെ പദവി കൂടി കൈകാര്യം ചെയ്യുന്ന അനസ്‌ അൽ സാലെഹ്‌. രാജ കുടുംബത്തിനു പുറത്ത്‌ നിന്നുള്ള ആദ്യത്തെ ആഭ്യന്തര മന്ത്രിയാണ് ഇദ്ദേഹം. അധികാരം ഏറ്റെടുത്ത ശേഷം അഴിമതിക്ക്‌ എതിരെ ശക്തമായ നടപടികളാണു സ്വീകരിച്ചു വരുന്നത്‌. വിസ കച്ചവടം , കള്ളപ്പണം വെളുപ്പിക്കൽ മുതലായ കുറ്റങ്ങളിൽ പങ്കാളികളായ രാജ കുടുംബത്തിലെ പ്രമുഖരും ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരുമായ നിരവധി പേരെ അറസ്റ്റ്‌ ചെയ്ത്‌ ജയിലിൽ അടയ്ക്കാൻ കാട്ടിയ ധൈര്യവും ഇദ്ദേഹത്തിനു ഏറെ ജനപ്രീതി നേടി കൊടുത്തിട്ടുണ്ട്.