കോവിഡ് വാക്‌സിന്‍ 2021 ന്റെ ആദ്യം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കാന്‍ താന്‍ സന്നദ്ധനാവുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് വാക്‌സിന്‍ 2021 ആദ്യം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ അറിയിച്ചു.മരുന്നിനെ കുറിച്ച് ജനങ്ങളില്‍ വിശ്വാസമുണ്ടാക്കാന്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കാന്‍ താന്‍ സന്നദ്ധനാവുമെന്നും അദ്ദേഹം പറഞ്ഞു.സണ്‍ഡേ സംവാദ് എന്ന ഓണ്‍ലൈന്‍ പരിപാടിയുടെ ആദ്യ എപ്പിസോഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.എപ്പോഴാണ് കോവിഡ് വാക്‌സിന്‍ തയ്യാറാവുന്നതെന്ന് കൃത്യമായി പറയാനാവില്ല.

2021 ആദ്യ പാദത്തിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് എല്ലാ സുരക്ഷാമുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വാക്‌സിന്‍ സുരക്ഷിതത്വം, ഉത്പാദനം, വില, വിതരണം തുടങ്ങിയവയെക്കുറിച്ച് വളരെ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വാക്‌സിന്‍ കൂടുതല്‍ ആവശ്യമുള്ളവര്‍ക്കാവും ആദ്യം ലഭ്യമാക്കുക. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍, മുതിര്‍ന്ന പൗരന്മാര്‍, രോഗസാധ്യത കൂടുതലുള്ള മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കാവും ആദ്യം വാക്‌സിന്‍ ലഭ്യമാക്കുക. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധനാവുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.