കുവൈത്ത് ദേശീയ ദിനാഘോഷത്തിന്റെ പ്രാഥമിക ഒരുക്കങ്ങൾ തുടങ്ങി

ദേശീയ ദിനാഘോഷത്തിന്​ കുവൈത്ത്​ സര്‍ക്കാര്‍ പ്രാഥമിക ഒരുക്കങ്ങൾ തുടങ്ങി. ഫെബ്രുവരിയില്‍ നടക്കുന്ന ആഘോഷത്തി​െന്‍റ ആലോചന ഘട്ടമാണ്​ ഇപ്പോള്‍ നടക്കുന്നത്​. കോവിഡ്​ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ആഘോഷ പരിപാടികള്‍ക്ക്​ പരിമിതിയുണ്ട്​. വാക്​സിന്‍ എത്തി കോവിഡ്​ പ്രതിസന്ധിയൊഴിഞ്ഞ്​ ജനജീവിതം സാധാരണ നിലയിലായാല്‍ മാത്രമേ വിപുലമായ ആഘോഷം നടക്കൂ. ഫെബ്രുവരിയില്‍ ആ നില കൈവരിക്കാനാവുമെന്ന്​ പ്രതീക്ഷയില്ല.അടുത്ത ഘട്ടത്തില്‍ കമ്മിറ്റി രൂപവത്​കരണം നടക്കും. ഫെബ്രുവരി 25, 26 തീയതികളിലാണ്​ കുവൈത്ത്​ ദേശീയ, വിമോചന ദിനാഘോഷം. 1961 ജൂണ്‍ 19നാണ് കുവൈത്ത് ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയത്. മൂന്നു വര്‍ഷം ജൂണ്‍ 19നായിരുന്നു കുവൈത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നത്. എന്നാല്‍, 1964ല്‍ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റുകയായിരുന്നു.

രാജ്യത്തിന് സ്വാതന്ത്ര്യത്തിലേക്ക് വഴികാണിച്ച, ആധുനിക കുവൈത്തി​െന്‍റ ശില്‍പി എന്നറിയപ്പെടുന്ന, രാജ്യത്തി​െന്‍റ 11ാമത് ഭരണാധികാരി അമീര്‍ ശൈഖ് അബ്​ദുല്ല അല്‍സാലിം അസ്സബാഹി​െന്‍റ സ്​ഥാനാരോഹണം നടന്ന 1950 ഫെബ്രുവരി 25​െന്‍റ സ്​മരണയില്‍ ആ ദിവസം ദേശീയ ദിനാഘോഷമായി നിശ്ചയിക്കുകയായിരുന്നു. പിന്നീട് അതിന് തൊട്ടടുത്ത ദിവസംതന്നെ ഇറാഖി അധിനിവേശത്തില്‍നിന്ന് മുക്തി നേടിയ വിമോചന ദിനവും എത്തിയതോടെ ഫെബ്രുവരി 25, 26 തീയതികള്‍ ദേശീയ ആഘോഷ ദിനങ്ങളായി മാറി.