കുവൈത്തിലെ മനുഷ്യക്കടത്ത് കേസിൽ ബംഗ്ലാദേശ് പാർലമന്റ് അംഗം ഷാഹിദുൽ ഇസ്ലാം , ആഭ്യന്തര മന്ത്രാലയം താമസ കാര്യ വിഭാഗം മുൻ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഷൈഖ് മാസിൻ അൽ ജറാഹ് എന്നിവർക്ക് 4 വർഷം തടവും 19 ലക്ഷം ദിനാർ പിഴയും വിധിച്ചു. ക്രിമിനൽ കോടതി ജഡ്ജി അബ്ദുല്ല അൽ ഉസ്മാനാണു വിധി പുറപ്പെടുവിച്ചത്.ഇവർക്ക് പുറമേ 2 ഉദ്യോഗസ്ഥരെയും ശിക്ഷിച്ചു. കേസിൽ പ്രതികളായിരുന്ന പാർലമന്റ് അംഗം അഹമ്മദ് അൽ സ ‘അദൂൻ, മുൻ എം.പി.സാലിഹ് ഖുർഷിദ് എന്നിവരെ നിരപരാധികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ചു. 2020 മാർച്ചിലാണു ബംഗ്ലാദേശ് പാർലമന്റ് അംഗം ഷാഹിദുൽ ഇസ്ലാം കുവൈത്തിൽ അറസ്റ്റിലായത്. കുവൈത്തിലെ പ്രമുഖ ശുചീകരണ കമ്പനിയുടെ മാനേജിംഗ് ഡയരക്ടർ ആയ ഇയാൾ സർക്കാർ കരാർ പ്രകാരം 20 ആയിരത്തോളം ബംഗ്ലാദേശ് തൊഴിലാളികളെ പണം വാങ്ങി രാജ്യത്ത് എത്തിക്കുകയും 3 മാസത്തോളം ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് തൊഴിലാളികൾ പണി മുടക്കുകയും ചെയ്തിരുന്നു . ഇതേ തുടർന്ന് മാനവ ശേഷി അധികൃതർ തൊഴിലാളികളുമായി സംസാരിച്ചതോടെയാണു 1500 മുതൽ 2000 ദിനാർ വരെ ഏജന്റുമാർക്ക് നൽകിയാണു തങ്ങൾ കുവൈത്തിൽ എത്തിയതെന്ന കാര്യം പുറത്തു വരുന്നത്. ഇതേ തുടർന്ന് മാനവ ശേഷി അധികൃതർ വിഷയം കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണു ബംഗ്ലാദേശ് എം.പി. ഷാഹിദുൽ ഇസ്ലാം, മുൻ ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മാസിൻ അൽ ജറാഹ് എന്നിവർ അറസ്റ്റിലായത്.