നാട്ടിലേക്കുള്ള യാത്രക്ക് എല്ലാ പ്രായത്തിലുമുള്ളവർ പ്രീ-ട്രാവൽ പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) പരിശോധന നിർബന്ധമാക്കുകയും വന്നിറങ്ങുന്ന എയർ പോർട്ടിൽ അടുത്ത കോവിഡ് പി. സി. ആർ ടെസ്റ്റ് വേണമെന്ന നിബന്ധനയും വന്നതോടെ പ്രവാസികൾക്ക് ഇരുട്ടടിയായിരിക്കുകയാണ്.
ഇന്ന് രാവിലെ കൊച്ചിഎയർപോർട്ടിൽ വന്നിറങ്ങിയ പ്രവാസികൾ അടുത്ത കോവിഡ് പി. സി. ആർ ടെസ്റ്റ് നടത്താനായി നീണ്ട നിരയിൽ നിൽക്കേണ്ടി വന്നു. മാത്രമല്ല 4 ഫ്ലൈറ്റുകൾ ഒന്നിച്ചു വന്നപ്പോൾ ടെസ്റ്റ് സിസ്റ്റം നിയന്ത്രണാതീതമായി. എയർപോർട്ടിൽ കോവിഡ് മുൻകരുതൽ നടപടികൾക്കായുള്ള സജ്ജീകരണങ്ങൾ ഒന്നും തന്നെ ഉണ്ടായില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു.
സാമൂഹിക അകലം പോലും പാലിക്കാതെ ഏറെ തിക്കും തിരക്കും അനുഭവപ്പെട്ടു. ആളുകൾ പരിഭ്രാന്തിയിൽ മണിക്കൂറുകൾ എയർപോർട്ടിൽ ചിലവഴിക്കേണ്ടി വന്നു. പുറത്ത് ടാക്സി കിട്ടാനും നീണ്ട നിരയാണ്. മാത്രമല്ല പല പ്രശ്നങ്ങൾ മൂലം നാട്ടിലേക്കെത്തുന്ന പ്രവാസികൾക്ക് ഇരുരാജ്യങ്ങളിൽ നിന്നുള്ള പി. സി. ആർ ടെസ്റ്റിനായുള്ള പണം കൂടി കണ്ടെത്തേണ്ട അവസ്ഥ പരിതാപകരമാണ്.
ഇത്തരത്തിൽ വരുന്നവർ യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് നടത്തുന്ന ആര്‍ടി പിസിആര്‍ ടെസ്റ്റ് ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ വിമാനത്തില്‍ പ്രവേശിക്കാൻ അനുമതിയുള്ളൂ. കുടുംബത്തില്‍ മരണം സംഭവിച്ചതുമൂലം യാത്ര ചെയ്യുന്നവരെ മാത്രമാണ് നിബന്ധനയില്‍ നിന്നൊഴിവാക്കിയിട്ടുള്ളത്. ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുന്നതിനുമുമ്പ് കോവിഡ് നെഗറ്റീവ് ആണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ടും എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഇന്ത്യയിലെത്തുമ്പോൾ സ്വയം പണമടച്ചുള്ള മറ്റൊരു സ്ഥിരീകരണ തന്മാത്രാ പരിശോധനയും നടത്തേണ്ടതുണ്ട്.