പേരിലും പാസ്പോർട്ട് നമ്പറിലും ഞെട്ടിക്കുന്ന തെറ്റുകൾ: പാസ്‌പോര്‍ട്ടുകളിലെ റസിഡന്‍സ് സ്റ്റിക്കര്‍ ഒഴിവാക്കൽ പ്രവാസികൾക്ക് തലവേദനയാകുന്നു

കുവൈത്ത് സിറ്റി  : കുവൈറ്റില്‍ പാസ്‌പോര്‍ട്ടുകളില്‍ റസിഡന്‍സ് സ്റ്റിക്കര്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് പ്രവാസികള്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ് നേരിടുന്നതെന്ന്  അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു. പാസ്‌പോര്‍ട്ടുകളില്‍ റസിഡന്‍സി സ്റ്റിക്കര്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് സിവില്‍ ഐഡിയുമായി റസിഡന്‍സി വിവരങ്ങള്‍ ബന്ധിപ്പിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.

റസിഡന്‍സി ഡിപ്പാര്‍ട്ട്‌മെന്‍രിലെ ജീവനക്കാര്‍ തങ്ങളുടെ പേരുകള്‍ തെറ്റായി എഴുതുന്നുവെന്ന് നിരവധി പ്രവാസികളാണ് പരാതിപ്പെടുന്നതെന്ന് പത്രം വ്യക്തമാക്കുന്നു . പേരുകളിലെയും പാസ്‌പോര്‍ട്ട് നമ്പറുകളിലെയും വലിയ തെറ്റുകള്‍ കണ്ട് ഞെട്ടി നിരവധി പ്രവാസികളാണ് ദിവസേന പത്രത്തിലേക്ക് ഫോണ്‍ ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു .ലാറ്റിന്‍ പേരിലുള്ള പ്രവാസികളുടെ പേരുകളിലാണ് കൂടുതലും തെറ്റുകള്‍ വരുന്നത്. റസിഡന്‍സി വിവരങ്ങള്‍ സിവില്‍ ഐഡിയിലേക്ക് മാറ്റിയതിനു ശേഷം കാര്‍ഡുകള്‍ കയ്യില്‍ കിട്ടുമ്പോഴാണ് തെറ്റുകള്‍ കാണുന്നതെന്നും , ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മ മൂലം വരുന്ന ഇത്തരം തെറ്റുകള്‍ തിരുത്തി പുതിയ സിവില്‍ ഐഡി കാര്‍ഡിനായി തങ്ങള്‍ക്ക് വീണ്ടും വീണ്ടും ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കേണ്ടി വരികയാണെന്നും പ്രവാസികള്‍ പറയുന്നു. മാത്രമല്ല തെറ്റുകള്‍ തിരുത്തി പുതിയ സിവില്‍ഐഡി കാര്‍ഡ് ലഭിക്കാന്‍ വീണ്ടും ഫീസും നല്‍കേണ്ടി വരുന്നു .
കൂടാതെ വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ തെറ്റ് കണ്ടെത്തുന്നതാണ് കൂടുതല്‍ ദുരിതമെന്നും അവര്‍ പറയുന്നു . ഇതുമൂലം നിരവധി പ്രവാസികള്‍ക്ക് യാത്ര പോലും ഉപേക്ഷിക്കേണ്ടി വരുന്നുവെന്നും പണം ധാരാളമായി നഷ്ടപ്പെടുകയാണെന്നും   ആക്ഷേപമുണ്ട്.