ചെറുകിട – ഇടത്തരം സംരംഭത്തിന്റെ മറവിൽ വിസ കച്ചവടം: കർശന നടപടിയുമായി കുവൈത്ത്.

കുവൈത്ത് സിറ്റി :ചെറുകിട ഇടത്തരം സംരംഭങ്ങളുടെ മറവിൽ വിസ കച്ചവടം വ്യാപകമായതോടെ തടയുവാനായി കർശനനടപടിക്കൊരുങ്ങി കുവൈത്ത് ഗവൺമെൻറ്.
ഈ വിഭാഗത്തിലെ വിസ നടപടിക്രമങ്ങൾ പുനരവലോകനം ചെയ്യുവാൻ മാൻപവർ അതോറിറ്റി തീരുമാനമെടുത്തു. തൊഴിലിന് പകരം സ്വദേശി യുവാക്കളെ തൊഴിൽ സംരംഭകരാക്കുക എന്ന ലക്ഷ്യവുമായാണ് ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ഗവൺമെൻറ് രൂപം നൽകിയത്. 7876 സ്ഥാപനങ്ങൾക്ക് ഇതോടനുബന്ധിച്ച് ലൈസൻസ് നൽകുകയും ചെയ്തു. എന്നാൽ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് വിസ അനുവദിക്കുന്നതിൽ ഉദാര സമീപനം സ്വീകരിച്ചുവരുന്ന സർക്കാർ നയം ചൂഷണം ചെയ്ത് വിസ കച്ചവടം വ്യാപകമാവുകയായിരുന്നു. വിസ കച്ചവടം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇതിനകം സംശയകരമായ സ്ഥാപനങ്ങളുടെ ഫയലുകൾ മരവിപ്പിച്ചിട്ടുണ്ട്. കൂടുതൽ സ്ഥാപനങ്ങളിലേക്ക് അന്വേഷണം വ്യാപിപിച്ചതായി പ്രദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു