എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകരാറുണ്ടായിട്ടും പറത്തിയതായി യാത്രക്കാരുടെ ആരോപണം.

കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്തിറക്കി. തകരാറുള്ള വിമാനം,, എയര്‍ ഇന്ത്യ ബോധപൂര്‍വം തിരുവനന്തപുരത്തേക്ക് പറത്തിയെന്ന് യാത്രക്കാര്‍ ആരോപിച്ചു. രാവിലെ ഷാര്‍ജയിലേക്കുള്ള വിമാനം യന്ത്രത്തകരാര്‍ മൂലം വൈകിയപ്പോള്‍ യാത്രക്കാര്‍ കണ്ണൂരില്‍ പ്രതിഷേധിച്ചിരുന്നു. ഇതോടെ അബുദാബി വിമാനം ഷാര്‍ജക്ക് പറത്തിയെന്നും തകരാറുള്ള വിമാനം അബുദാബിയിലേക്കെന്നുപറഞ്ഞ് പുറപ്പെട്ട് തിരുവനന്തപുരത്തെത്തിച്ച് അറ്റകുറ്റപ്പണി നടത്തിയെന്നുമാണ് ആരോപണം.രാവിലെ ആറുമണിക്ക് ഷാര്‍ജയ്ക്ക് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതികതകരാര്‍ മൂലം വൈകിയത്. തകരാറായ വിമാനത്തില്‍ കയറി തിരുവനന്തപുരത്തെത്തി അവിടെ നിന്ന് മറ്റൊരുവിമാനത്തില്‍ ഷാര്‍ജയിലേക്ക് കൊണ്ടുപോകാമെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് അറിയിച്ചെങ്കിലും യാത്രക്കാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് അബുദാബിയിലേക്ക് പോകാനിരുന്ന വിമാനം ഷാര്‍ജയ്ക്ക് വിട്ട് പ്രശ്നം പരിഹരിച്ചു. പകരം ഏര്‍പ്പെടുത്തിയ വിമാനം അബുദാബിയിലേക്കെന്നു പറഞ്ഞ് പറന്നുയര്‍ന്നു. ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോള്‍ വിമാനത്തിന് തകരാറുണ്ടെന്നും തിരുവനന്തപുരത്തിറക്കുകയാണെന്നും യാത്രക്കാരോട് പറഞ്ഞപ്പോഴാണ് നേരത്തെ അബുദാബിക്ക് പോകേണ്ടിയിരുന്ന തകരാറുള്ള വിമാനമാണിതെന്ന് യാത്രക്കാര്‍ക്ക് മനസിലായത്.പത്തരയ്ക്ക് തിരുവനന്തപുരത്തിറക്കിയ വിമാനം തകരാര്‍ പരിഹരിച്ച ശേഷം പന്ത്രണ്ടുമണിക്ക് അബുദാബിയിലേക്ക് പുറപ്പെട്ടു. 183 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. തകരാറുള്ള വിമാനം അറ്റകുറ്റപ്പണി നടത്താന്‍ യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് പറത്തിയെന്ന ആരോപണത്തോട് എയര്‍ഇന്ത്യ എക്സ്പ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.