കുവൈത്തിലേക്ക് നഴ്സിങ് റിക്രൂട്ട്മെൻറ് എന്ന പേരിലുള്ള പരസ്യങ്ങളിൽ വഞ്ചിതരാകരുത് എന്ന് ഇന്ത്യൻ എംബസി, ഇ -മൈഗ്രേറ്റ് സംവിധാനം വഴി രജിസ്റ്റർ ചെയ്യാതെ തട്ടിപ്പിന് നീക്കം

കുവൈത്ത് സിറ്റി :കുവൈത്തിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെൻറ് എന്ന പേരിലുള്ള പരസ്യങ്ങളിൽ വഞ്ചിതരാകരുത് എന്ന് ഇന്ത്യൻ എംബസി. കുവൈത്തിലും നാട്ടിലും ഇത്തരത്തിലുള്ള പരസ്യങ്ങൾ വ്യാപകമായതോടെയാണ് ഇന്ത്യൻ എംബസിയുടെ ഇടപെടൽ. ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്മെൻറ് കുവൈത്ത് എംബസിയിലെ ഇ – മൈഗ്രേറ്റ് സംവിധാനം വഴിയാണ് അപേക്ഷിക്കേണ്ടത്.എന്നാൽ കുവൈത്ത് ആരോഗ്യമന്ത്രാലയമോ കുവൈത്തിലുള്ള ഏതെങ്കിലും ഏജൻസിയോ ഇത്തരത്തിൽ അപേക്ഷിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ റിക്രൂട്ട്മെൻറ് സംബന്ധിച്ചുള്ള പരസ്യങ്ങൾ സംശയാസ്പദമാണെന്നാണ് ഇന്ത്യൻ എംബസിയുടെ നിലപാട്.

നഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിലാണ് ഇ-മൈഗ്രേറ്റ് സംവിധാനം എംബസിയിൽ ഏർപ്പെടുത്തിയത്.ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്മെന്റ് കേന്ദ്ര സർക്കാർ അംഗീകരിച്ച ഏജൻസികളിലൂടെ മാത്രമായിരിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ കുവൈത്തിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെൻറ് ഉണ്ടായത് 2017ലാണ്. 670 നഴ്സുമാരെ വീതം റിക്രൂട്ട് ചെയ്യുന്നതിന് മൂന്ന് ഏജൻസികൾക്കാണ് അന്ന് കരാർ നൽകിയത് എന്നാൽ ക്രമക്കേടുകളെ മായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ശക്തമാകുകയും റിക്രൂട്ട്മെൻറ് റദ്ദാക്കുകയുമായിരുന്നു

ബി എസ് സി, എം എസ് സി, ജി എൻ എം, തുടങ്ങിയ നഴ്സുമാരെയെല്ലാം റിക്രൂട്ട് ചെയ്യുന്നതായാണ് പരസ്യങ്ങൾ.മെയ്‌ അല്ലെങ്കിൽ ജൂണിൽ ചെന്നൈയിലോ ബാംഗ്ലൂരിൽ വച്ചോ ഇൻറർവ്യൂ ഉണ്ടാകുമെന്നും പരസ്യത്തിൽ ഉണ്ട്. എന്നാൽ റിക്രൂട്ട്മെൻറ് സംബന്ധിച്ച് ഒരു അറിവും എംബസിക്ക് ഇല്ല. പുതിയ ആശുപത്രികളും നിലവിലുള്ളവയുടെ നവീകരണം ഒക്കെയായി കുവൈത്തിൽ നഴ്സുമാർക്ക് സാധ്യതയുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ നഴ്സുമാരെ നിയമിക്കാൻ ആരോഗ്യ മന്ത്രാലയത്തിന് താൽപര്യമില്ല എന്നാണ് റിപ്പോർട്ടുകൾ.

സ്ഥിരനിയമനത്തിന് പകരം കുറഞ്ഞ കാലത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകാനാണ് മന്ത്രാലയം പരിഗണിക്കുന്നത്.
വിദേശത്തുനിന്നും കുവൈത്തിലെത്തുന്ന നഴ്സുമാർ നാലോ അഞ്ചോ വർഷത്തെ സേവനത്തിനുശേഷം ഓസ്ട്രേലിയ കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറി പോകുന്നതാണ് ഇത്തരത്തിലുള്ള പുനർവിചിന്തനത്തിന് മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നത്. കുവൈത്തിലെ നിയമനം നഴ്സുമാർ പരിശീലന കാലമായി ഉപയോഗപ്പെടുത്തുന്നതായാണ് വിലയിരുത്തൽ. സ്ഥിരം നിയമനത്തിന് പകരം കുറഞ്ഞ കാലത്തേക്ക് കരാറടിസ്ഥാനത്തിൽ ഉള്ള നിയമത്തിനാണ് മന്ത്രാലയം പ്രധാന പരിഗണന നൽകുന്നത്. സ്ഥിരം നിയമനത്തിന് പകരം കരാർ നിയമനമായാൽ സർവീസിന് ശേഷം ആനുകൂല്യങ്ങൾ നൽകേണ്ടിവരില്ല എന്നതാണ് മന്ത്രാലയം നേട്ടമായി കാണുന്നത്.