പ്രവർത്തകരെ നിരാശയിലാക്കി ഇതിഹാസ പോരാട്ടത്തിനുള്ള അവസരം കളഞ്ഞുകുളിച്ച് കോൺഗ്രസ്‌. വാരാണസിയിൽ പ്രിയങ്ക മൽസരിക്കില്ല

സ്വതന്ത്ര ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഇതിഹാസമാവുമായിരുന്ന പോരാട്ടം കോൺഗ്രസ് വേണ്ടെന്നു വെയ്ക്കുകയാണ്. ഈ കളിയിൽ നഷ്ടം കോൺഗ്രസ്സിനു മാത്രമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ പ്രിയങ്ക ഗാന്ധിയെ ഇറക്കിയിരുന്നെങ്കിൽ കോൺഗ്രസ്സിന് നേട്ടങ്ങൾ മാത്രമേ ഉണ്ടാവുമായിരുന്നുള്ളൂ. വാരാണസിയിൽ പ്രിയങ്കയുടെ ജയത്തെച്ചൊല്ലി കോൺഗ്രസ്സ് ആശങ്കപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല. കാരണം ജയമല്ല പോരാട്ടമായിരുന്നു പ്രധാനം. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് പിടിക്കുക എന്ന അജണ്ടയുള്ള കോൺഗ്രസ്സിന് അതിനുള്ള ഗംഭീരമായ മുന്നൊരുക്കമാവുമായിരുന്നു വാരാണസിയിലെ പ്രിയങ്കയുടെ രംഗപ്രവേശം. പക്ഷെ, എല്ലാ ബുദ്ധിയും എല്ലാവർക്കും ഒന്നിച്ചു കൊടുക്കില്ലല്ലോ എന്നു പറയുന്നതുപോലെ ഈ നിർണ്ണായക ഘട്ടത്തിൽ കോൺഗ്രസ് ഹൈക്കമാന്റ് അവസരത്തിനൊത്തുയരാനാവാതെ പോയി. വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് തോന്നുക എന്നത് ജീവിതത്തിലെന്ന പോലെ രാഷ്ട്രീയത്തിലും സുപ്രധാനമാണ്.കോൺഗ്രസ്സിൽ ഹൈക്കമാന്റെന്നു പറഞ്ഞാൽ അമ്മയും മക്കളുമാണ്. മകൾ പ്രിയങ്ക തയ്യാറായിരുന്നു. പക്ഷേ, അമ്മ സോണിയയ്ക്കും ഏട്ടൻ രാഹുലിനും സമ്മതമുണ്ടായില്ല. കഴിഞ്ഞയാഴ്ച ഒരു ദേശീയ ദിനപ്പത്രത്തിന്റെ ലേഖകൻ വാരാണസിയിൽ പ്രിയങ്ക മത്സരിക്കുമോ എന്ന് ചോദിച്ചപ്പോൾ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി പറഞ്ഞത് സംഗതി സസ്പെൻസാണെന്നും അതങ്ങിനെ തന്നെ തൽക്കാലം നിൽക്കട്ടെയെന്നുമാണ്. പ്രിയങ്ക മത്സരിക്കണമെന്നായിരുന്നു പൊതുവെ കോൺഗ്രസ്സിനുള്ളിലുണ്ടായിരുന്ന വികാരം എന്നതിൽ സംശയമില്ല. വാരാണസിയിൽ പ്രിയങ്ക തന്നെയായിരിക്കും കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി എന്ന സൂചനകൾ തന്നെയാണ് പാർട്ടിക്കുള്ളിൽ നിന്ന് വന്നുകൊണ്ടിരുന്നതും. പക്ഷേ, അജയ് റായിയെ സ്ഥാനർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് ഈ സസ്പെൻസിന് കോൺഗ്രസ് തിരശ്ശീലയിട്ടിരിക്കുന്നു.വാരാണസിയിൽ എസ്.പി. – ബി.എസ്.പി. സഖ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതാണോ കോൺഗ്രസ്സിനെ പേടിപ്പിച്ചതെന്നറിയില്ല. എഎസ്.പി. – ബി.എസ്.പി. സഖ്യം മത്സരിക്കുന്ന സാഹചര്യത്തിൽ പ്രിയങ്കയ്ക്ക് വോട്ടുകൾ വല്ലാതെ കുറഞ്ഞുപോകുമോ എന്ന പേടി ചിലപ്പോൾ രാഹുലിനെയും സോണിയയെയും അലട്ടിയിരിക്കാം. പക്ഷേ, എസ്.പി. – ബി.എസ്.പി. സഖ്യം വാരാണസിയിൽ കളത്തിലിറങ്ങുമെന്ന് വ്യക്തമായിരുന്നു. 2022-ൽ പ്രിയങ്ക കൂടുതൽ വെല്ലുവിളി ഉയർത്തുക തങ്ങൾക്കായിരിക്കുമെന്ന് തിരിച്ചറിയാനുള്ള ബുദ്ധി അഖിലേഷിനും മായാവതിക്കുമുണ്ടാവില്ലെന്ന് രാഹുൽഗാന്ധി കരുതിയിരിക്കാൻ ഒരു വഴിയുമില്ല. അപ്പോൾ പിന്നെ അങ്ങിനെയൊരു പേടി കാരണം പ്രിയങ്കയെ കളത്തിലിറക്കാതിരിക്കേണ്ട കാര്യം കോൺഗ്രസ്സിനുണ്ടായിരുന്നില്ല. നെഹ്രുകുടുംബത്തിലെ ഒരംഗം ബി.ജെ.പിയുടെ പരമോന്നത നേതാവിനോട് ദയനീയമായി തോറ്റുപോകുമോ എന്ന പേടിയാണോ ഹൈക്കമാന്റിനെ ഇപ്പോഴത്തെ മണ്ടൻ തീരുമാനത്തിലേക്കെത്തിച്ചതെന്നറിയില്ല. ഇങ്ങനെയൊക്കെ പേടിക്കാൻ പോയാൽ പിന്നെ രാഷ്ട്രീയം എന്നു പറഞ്ഞു നടക്കേണ്ട കാര്യമുണ്ടോ എന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ നേതാക്കളോട് ചോദിക്കേണ്ടി വരും.
ആർ.എസ്.എസ്സിനും ബി.ജെ.പിക്കുമെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസ്സിന്റെ ഏറ്റവും ചടുലവും ശക്തവുമായ നീക്കമാകുമായിരുന്നു പ്രിയങ്കയുടെ വാരാണസിയിലെ രംഗപ്രവേശം . വയനാട്ടിൽ നിന്ന് മത്സരിച്ചതിലൂടെ രാഹുൽ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം ദുർബ്ബലമാക്കിയിരിക്കുകയാണെന്ന ആക്ഷേപം ഇതോടെ ഇല്ലാതാവുമായിരുന്നു. ഒരു വെടിക്ക് രണ്ടല്ല പല പക്ഷികളെ വീഴ്ത്താനാവുമായിരുന്ന സുവർണ്ണാവസരമാണ് കോൺഗ്രസ് കളഞ്ഞുകളിച്ചിരിക്കുന്നത്.