മാതൃകയായി കുമ്മനം; പ്രചാരണത്തിനിടെ കിട്ടിയ പൊന്നാടകൾ തുണി സഞ്ചികളാക്കി വീണ്ടും ജനങ്ങളിലേക്കെത്തിക്കും

തിരുവനന്തപുരം: പ്രചാരണത്തിനിടെ കിട്ടിയ പൊന്നാടകൾ തുണി സഞ്ചി, തലയിണ, എന്നിവകളാക്കി ജനങ്ങൾക്ക് തിരികെ നൽകുവാൻ കുമ്മനം. നിറഞ്ഞ കയ്യടിയാണ് അദ്ദേഹത്തിന്റെ തീരുമാനത്തിന് സോഷ്യൽ മീഡിയ നൽകുന്നത്

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

എന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഷാളുകളും തോർത്തും പൊന്നാടയും ഉൾപ്പെടെ ഒരു ലക്ഷത്തിൽപ്പരം തുണിത്തരങ്ങളാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്.

അവ മുഴുവൻ നഷ്ടപ്പെടാതെ ആദരപൂർവ്വം സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇവയെ മൂല്യവർദ്ധിത വസ്തുക്കളാക്കി മാറ്റി വീണ്ടും ജനങ്ങൾക്ക് ഉപയോഗപ്രദമാക്കണം എന്നാണ് എന്റെ ആഗ്രഹം. ഇപ്പോൾ അവ തരം തിരിച്ചു വരികയാണ്‌. താമസിയാതെ തുണി സഞ്ചി, തലയിണ കവർ തുടങ്ങിയവ തയ്ക്കുന്നതിനു ഉദ്ദേശിക്കുന്നു.

ഇലക്ഷൻ കാലത്ത് പ്രചാരണാർഥം വഴിയോരങ്ങളിൽ വെച്ചിരുന്ന ബോർഡുകൾ തിരിച്ചെടുത്ത് അവ ഗ്രോബാഗുകളാക്കാനുള്ള പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പകരം പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്ന ജീവിതശൈലി പ്രചരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശം.