ബാലറ്റ് വോട്ട് എണ്ണിതളർന്നു, ഇന്‍ഡൊനീഷ്യയിലെ തിരഞ്ഞെടുപ്പ് ജോലിഭാരംമൂലം 272 ഉദ്യോഗസ്ഥര്‍ മരിച്ചതായി വെളിപ്പെടുത്തൽ

 

ജക്കാർത്ത: ഇൻഡൊനീഷ്യയിൽ സമാധാനപരമായി നടന്ന തിരഞ്ഞെടുപ്പിന് ശേഷം 272 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മരിച്ചതായി വെളിപ്പെടുത്തൽ. ഒറ്റദിവസം കൊണ്ട് പൂർത്തീകരിച്ച ലോകത്തിലെ ഏറ്റവും വലിയ ദേശീയ തിരഞ്ഞെടുപ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പാണ് ഇൻഡൊനീഷ്യയിൽ നടന്നത്. ലക്ഷക്കണക്കിന് ബാലറ്റ് പേപ്പറുകൾ കുറഞ്ഞ സമയത്തിനുള്ളിൽ എണ്ണിത്തീർക്കേണ്ടിവന്ന ഉദ്യോഗസ്ഥർ അമിത ജോലിഭാരം മൂലമുണ്ടായ വിവിധ ശാരീരിക പ്രശ്നങ്ങൾ മൂലമാണ് മരിച്ചതെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ 17നാണ് ഇൻഡൊനേഷ്യയിൽ തിരഞ്ഞെടുപ്പ് നടന്നത്. 193 മില്യൺ (19.3 കോടി) വോട്ടർമാരാണ് രാജ്യത്തുള്ളത്. 800000 പോളിങ് സ്റ്റേഷനുകളിലായി ആകെ വോട്ടർമാരുടെ 80 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായാണ് അധികൃതർ നൽകുന്ന വിവരം. ഓരോ വോട്ടർക്കും അഞ്ച് ബാലറ്റ് പേപ്പർ വീതമാണ് നൽകിയിരുന്നത്. തികച്ചും സമാധാനപരമായി നടന്ന തിരഞ്ഞെടുപ്പ് ആഗോള തലത്തിൽ വാർത്താ പ്രാധാന്യം നേടുകയും ചെയ്തു.

എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം നടന്ന കൈകൊണ്ടുള്ള വോട്ടെണ്ണൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അക്ഷരാർത്ഥത്തിൽ മരണപ്പണിയായി. ശനിയാഴ്ച രാത്രി വരെയുള്ള കണക്കുകൾ പ്രകാരം വോട്ടെണ്ണൽ ചുമതലയുണ്ടായിരുന്ന 272 ഉദ്യോഗസ്ഥർ അമിത ജോലിഭാരം മൂലമുണ്ടായ അസുഖങ്ങൾ മൂലം മരണപ്പെട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വക്താവായ അരീഫ് പ്രിയോ സുസാന്റോ വ്യക്തമാക്കി. 1,878 ഉദ്യോഗസ്ഥർ അസുഖ ബാധിതരായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് ജോലി ചെയ്തതിനെത്തുടർന്ന് ശാരീരിക അവശതകൾ നേരിടുന്ന ഉദ്യോഗസ്ഥർക്ക് രാജ്ത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മികച്ച ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കി കഴിഞ്ഞു. മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള പ്രവർത്തനങ്ങളിലാണ് ധനവകുപ്പ്. ഇത്ര വ്യാപകമായി ഉദ്യോഗസ്ഥർ മരിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വ്യാപകമായ വിമർശമാണ് ഉയർന്നിട്ടുള്ളത്. യാതൊരുവിധ മുൻകരുതലും എടുക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.