ഭൂരിപക്ഷ മേഖലയിൽ നിന്നും രാഹുൽ ഒളിച്ചോടുന്നു :മോദിയുടേത് വർഗീയ പരാമർശമെന്ന കോൺഗ്രസ്‌ വാദം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തിനെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ക്ലീന്‍ ചിറ്റ്. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടുകയാണെന്നും ഭൂരിപക്ഷം ന്യൂനപക്ഷമായ സീറ്റില്‍ നിന്ന് മല്‍സരിക്കുകയാണെന്നുമാണ് മോദി പറഞ്ഞത്. ഹിന്ദു ഭീകരത എന്ന വാക്ക് കോണ്‍ഗ്രസാണ് സൃഷ്ടിച്ചത്. ഇതിലൂടെ ഹിന്ദുക്കളെ കോണ്‍ഗ്രസ് അപമാനിച്ചുവെന്നും മോദി പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ വാര്‍ധയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. പ്രധാനമന്ത്രി വര്‍ഗീയത ഇളക്കിവിടുകയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പെരുമാറ്റച്ചട്ട ലംഘനം നടന്നിട്ടില്ലെന്ന മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരാതി തള്ളി.