കുവൈത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ മലയാളി വിദ്യാർത്ഥിനി വീട്ടിലേക്കുള്ള യാത്രാ മധ്യേ വാഹനാപകടത്തിൽ മരിച്ചു

കൂത്താട്ടുകുളം:  കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ കുവൈറ്റ് മലയാളി വിദ്യാര്‍ഥിനി എയര്‍പോര്‍ട്ടിലിറങ്ങി വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ കാറപകടത്തില്‍ കൊല്ലപ്പെട്ടു.  എയര്‍പോര്‍ട്ടില്‍ നിന്നും വിദ്യാര്‍ഥിനിയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന പിതൃസഹോദരന്റെ വാഹനത്തിലുണ്ടായിരുന്ന പിതൃസഹോദര പുത്രനും അപകടത്തില്‍ മരിച്ചു.കുവൈറ്റ് മലയാളിയായ അലീന എല്‍സ ജോസഫ് (18), പിതൃസഹോദര പുത്രന്‍ എബിന്‍ അനുമോന്‍ (13) എന്നിവരാണ് മരിച്ചത്. കുവൈറ്റ് മലയാളികളായ ജോസഫ് യോഹന്നാന്റെയും ബീന ജോസഫിന്റെയും മകളാണ് അലീന. പിതൃസഹോദരന്‍ അനുമോനെ ഗുരുതരമായ പരിക്കുകളോടെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.പുലര്‍ച്ചെ കുവൈറ്റില്‍ നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയ അലീന ജോസഫിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയതായിരുന്നു അനുമോനും മകനും. എന്നാല്‍ പുലര്‍ച്ചെയുള്ള യാത്രയ്ക്കിടെ എം സി റോഡില്‍ കൂത്താട്ടുകുളം അമ്പലംകുന്നിന് സമീപം വച്ച് കാര്‍ നിയന്ത്രണം വിട്ട് ടിപ്പറില്‍ ഇടിച്ചായിരുന്നു അപകടം.
അനുമോന്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ കാര്‍ നിശേഷം തകര്‍ന്നിട്ടുണ്ട്. അലീനയുടെയും എബിന്റെയും മൃതദേഹം ഇപ്പോള്‍ ദേവമാതാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.