മഹാരാഷ്ട്രയില്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ മാവോവാദി ആക്രമണം, 15 സൈനികര്‍ക്ക് വീരമൃത്യു

മുംബൈ: മഹാരാഷ്ട്രയിൽ ഗട്ചിറോളിയിൽ മാവോവാദികൾ നടത്തിയ കുഴിബോംബ് ആക്രമണത്തിൽ 15 സൈനികർക്ക് വീരമൃത്യു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും ആക്രമണത്തിൽ കൊല്ലപ്പെട്ടു. സൈനികർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഐഇഡി സ്ഫോടനമാണ് നടന്നതെന്നാണ് വിവരം. പട്രോളിങ് നടത്തിക്കൊണ്ടിരുന്ന സൈനികർക്ക് നേരെയാണ് ആക്രമണം.

ഏപ്രിൽ 11 ന് ഗഡ്ചിറോളിയിൽ വോട്ടെടുപ്പ് ദിനത്തിൽ മാവോവാദികൾ പോളിങ് ബൂത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. അന്നത്തെ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് സുരക്ഷാ സൈനികരെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്.

സൈനികർ സഞ്ചരിരുന്ന വാഹനം ആക്രമണത്തിൽ പൂർണമായും തകർന്നു. 16 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ പ്രദേശത്ത് റോഡ് നിർമാണത്തിന് കൊണ്ടുവന്ന 27 യന്ത്രങ്ങൾ മാവോവാദികൾ തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിന് ശേഷം കൂടുതൽ സൈനികരെ ഇവിടേക്ക് വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. മാവോവാദികൾക്ക് വലിയ സ്വാധീനമുള്ള പ്രദേശമാണ് ഗഡ്ചിറോളി.