മണ്ണിന്റെ മക്കൾക്ക്‌ മുമ്പിൽ കോർപ്പറേറ്റ് ഭീമൻ മുട്ട് മടക്കി : ഉരുളക്കിഴങ്ങ്‌ കർഷകർക്കെതിരായ കേസ്‌ പെപ്സി-കോ പിൻവലിച്ചു

ന്യൂഡൽഹി : ഗുജറാത്തിലെ നാല് ഉരുളകിഴങ്ങ് കര്‍ഷകര്‍ക്കെതിരായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പെപ്‌സി കോ പിന്‍വലിച്ചു. ലെയ്‌സ് ഉൾപ്പെടെയുള്ള പെപ്‌സിയുടെ ഉൽപ്പന്നങ്ങളുടെ ബഹിഷ്‌കരണാഹ്വാനവും കിസാൻ സഭയുടേത്‌ അടക്കമുള്ള പ്രതിഷേധവും കമ്പനിക്ക്‌ വൻ നഷ്‌ടം ഉണ്ടാക്കുമെന്ന സാഹചര്യത്തിലാണ്‌ ഹർജി പിൻവലിച്ചത്‌. ജൂണ്‍ 12ന് അഹമ്മദാബാദ് കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേസ് പിന്‍വലിക്കുന്നതായി പെപ്‌സികോ അറിയിച്ചിരിക്കുന്നത്

സർക്കാരുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ കര്‍ഷകര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ കമ്പനി തയ്യാറായി എന്നാണ് പെപ്‌സി കോ വക്താവിന്റെ പ്രതികരണം. ലെയ്‌സ് ചിപ്‌സ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന എഫ്‌സി5 ഉരുളക്കിഴങ്ങ് ഉല്‍പാദിപ്പിച്ചുവെന്ന് കാണിച്ചാണ് കര്‍ഷകര്‍ക്കെതിരെ 1.5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബഹുരാഷ്ട്ര കുത്തക കമ്പനി കോടതിയെ സമീപിച്ചത്.

#boycottLays, സ്റ്റാന്‍ഡ് വിത്ത് ഔര്‍ ഫാര്‍മേഴ്സ് തുടങ്ങി കര്‍ഷകര്‍ക്കായി സോഷ്യല്‍മീഡിയകളില്‍ ശക്തമായ ക്യാമ്പെയ്ന്‍ നടന്നതോടെ ഒത്തുതീര്‍പ്പിന് തയ്യാറായി കഴിഞ്ഞ ദിവസം പെപ്സി കോ  കോടതിയെ സമീപിച്ചിരുന്നു