ആറു മണിക്കൂർ വൈകിയ വിമാനം ഇന്ത്യൻ വിദ്യാർത്ഥിക്ക് നൽകിയത് 7 കോടി

വൈകിയെത്തിയ വിമാനം ഇന്ത്യന്‍ വിദ്യാർഥിക്ക് കൊണ്ടുവന്നത് കോടിഭാഗ്യം. സാറാ ഇൽറാഹ് അഹമ്മദ് എന്ന 21കാരിക്കാണ് അപ്രതീക്ഷിത സമ്മാനം. ഏഴു കോടി രൂപയാണ് സാറയെ തേടിയെത്തിയത്.മുംബൈയിൽ നിന്നും ദുബായ് വഴി മനാമയിലേക്ക് പോവുകയായിരുന്നു സാറ. വിമാനം ആറു മണിക്കൂർ വൈകിയതിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ പെൺകുട്ടി കുടുങ്ങി. ഈ സമയത്താണ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റ് എടുക്കാമെന്ന് കരുതിയത്. 299 സീരീസിലെ 2790 എന്ന നമ്പറിലെ ടിക്കറ്റാണ് എടുത്തത്. നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് ഈ ടിക്കറ്റിന്. സാറ ആദ്യമായി എടുത്ത ടിക്കറ്റിലൂടയാണ് കോടിഭാഗ്യം എത്തിയത്.
മാർച്ച് അവസാനത്തോടെയാണ് ടിക്കറ്റ് എടുത്തത്. ജീവിതത്തിലെ ഏറ്റവും വലിയ ഈ സർപ്രൈസ് പിതാവിന് സമർപ്പിക്കുന്നുവെന്ന് സാറ പറയുന്നു. പിതാവിനെ അത്ഭുതപ്പെടുത്താൻ വേണ്ടിയാണ് ടിക്കറ്റ് എടുത്തത്. ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നില്ല. ഒരിക്കലും സമ്മാനം തനിക്കായിരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ആദ്യം വിചാരിച്ചത് ആരോ പറ്റിക്കാൻ വേണ്ടി ചെയ്യുന്നതാണ് എന്നാണ്. പിന്നീട് അങ്ങനെയല്ല എന്നു മനസിലായി. ഉടൻ തന്നെ ഞാൻ പിതാവിനെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം വളരെ സന്തോഷവാൻ ആയിരുന്നുവെന്നും സാറ പറയുന്നു.