കുവൈത്തില്‍ മരിച്ച താമരശ്ശേരി സ്വദേശിയുടെ മൃതദേഹം പാതിവഴിയില്‍ ഉപേക്ഷിച്ച് വിമാനക്കമ്പനിയുടെ ക്രൂരത

കുവൈത്ത് സിറ്റി  :കുവൈറ്റില്‍ മരിച്ച മലയാളിയുടെ മൃതദേഹം പാതിവഴിയിലെത്തിച്ച് വിമാനക്കമ്പനിയുടെ അനാസ്ഥ. താമരശേരി സ്വദേശി ഹുസൈന്‍റെ മൃതദേഹമാണ് അബുദാബിയില്‍ നിന്നുള്ള കണക്ഷന്‍ വിമാനത്തില് കയറ്റാത്തതിനാല്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നത്.

കുവൈറ്റില്‍ ജോലി ചെയ്യുന്ന കോഴിക്കോട് താമരശേരി പൂലോറക്കുന്നുമ്മല്‍ ഹുസൈന്‍കുട്ടി ചൊവ്വാഴ്ചയാണ് മരിച്ചത്. അബ്ബാസിയയിലെ താമസസ്ഥലത്ത് വച്ച് ഹൃദയാഘാതം മൂലമായിരുന്നു മരണം. മൃതദേഹം കുവൈറ്റില്‍ നിന്ന് അബുദാബി വഴിയുള്ള ഇത്തിഹാദ് വിമാനത്തിലാണ് കരിപ്പൂരിലേക്ക് കയറ്റി വിട്ടത്. പക്ഷേ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കള്‍ക്ക് ലഭിച്ചത് മൃതദേഹം എത്തിയിട്ടില്ല എന്ന അറിയിപ്പാണ് ലഭിച്ചത്. കുവൈറ്റില്‍ നിന്ന് അബുദാബിയില്‍ എത്തിച്ച മൃതദേഹം അബുദാബിയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള കണക്ഷന്‍ വിമാനത്തില്‍ കയറ്റാത്തതാണ് കാരണം.

മൃതദേഹം വ്യാഴാഴ്ച രാവിലെ എത്തുമെന്ന പ്രതീക്ഷയില്‍ മയ്യത്ത് നമസ്ക്കാരവും ഖബറടക്ക സമയവുമെല്ലാം നിശ്ചയിച്ചിരുന്നു. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മൃതദേഹമില്ല എന്ന അറിയിപ്പ് ലഭിച്ചതോടെ അങ്കലാപ്പിലാണ് ബന്ധുക്കള്‍. അബുദാബി വിമാനത്താവളത്തിലുണ്ടായ സാങ്കേതിക പ്രശ്നമാണ് മൃതതേഹം കുടുങ്ങിക്കിടക്കാന്‍ കാരണമെന്നാണ് ഇത്തിഹാദ് അധികൃതരുടെ വിശദീകരണം. വെള്ളിയാഴ്ച പുലര്‍ച്ചെയുള്ള വിമാനത്തില്‍ കരിപ്പൂരില്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും വിമാനക്കമ്പനി അധികൃതര്‍ വ്യക്തമാക്കി