കുവൈത്തിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി വന്ന പ്രവാസികളെ അന്യായമായി ക്യുവിൽ നിർത്തിയ സംഭവം :കർശന നടപടിയെന്ന് ആഭ്യന്തര മന്ത്രി

കുവൈത്ത് സിറ്റി : ഔദ്യോഗിക ആവശ്യങ്ങൾക്കായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസുകളിൽ എത്തിയ പ്രവാസികളെ അന്യായമായി ക്യുവിൽ നിർത്തിയ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി. ഇന്നലെ നടന്ന  സംഭവം ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ  ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജർറ നിർദേശിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ കെട്ടിടത്തിന് പുറത്ത് പ്രവാസികളെ മണിക്കൂറുകൾ ക്യുവിൽ നിർത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ. റമദാൻ മാസത്തിൽ പ്രവാസികളെ ഇത്തരത്തിൽ പീഡിപ്പിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന്  അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ചൂഷണങ്ങൾ ആവർത്തിക്കുക്കയാണെങ്കിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു